ഇരിങ്ങാലക്കുട: ഭർതൃവീട്ടിലെ ക്രൂരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും അമ്മായിഅമ്മയും അറസ്റ്റിൽ. ഇരിങ്ങാലക്കുട കരൂപ്പടന്ന നെടുങ്ങാണത്ത്കുന്ന് സ്വദേശി ഫസീല (23) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് വലിയകത്ത് വീട്ടിൽ നൗഫൽ (29), ഇയാളുടെ അമ്മ റംലത്ത് (55) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
രണ്ടാമതും ഗർഭിണിയായതിന്റെ പേരിൽ ഫസീല കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് ഭർതൃവീട്ടിൽ നിന്നും നേരിട്ടിരുന്നതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. മൂത്ത കുഞ്ഞിന് ഒരു വയസ്സ് തികയും മുൻപ് വീണ്ടും ഗർഭിണിയായതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഫസീലയുടെ മേൽ ചുമത്തിയായിരുന്നു പീഡനം.
ഇതിന്റെ ഭാഗമായി ഭർത്താവ് നൗഫൽ ഫസീലയുടെ നാഭിയിൽ ചവിട്ടിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ. ഫസീലയുടെ വയറ്റിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ഇത് മരണത്തിന് മുൻപുണ്ടായതാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായാണ് സൂചന. ഈ കണ്ടെത്തൽ കേസിൽ നിർണായക തെളിവായി മാറും.
ഫസീലയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച് പോലീസിൽ പരാതി നൽകി. ഈ പരാതിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഭർത്താവിനെയും അമ്മായിഅമ്മയെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.