ഫെഡറൽ പ്രോസിക്യൂട്ടറും മുൻ എഫ്‌ബിഐ ഡയറക്ടർ ജെയിംസ് കോമിയുടെ മകളുമായ മൗറീൻ കോമിയെ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്താക്കി. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പിരിച്ചുവിടൽ വിവരം അറിയിച്ചുകൊണ്ട് അവർക്ക് ഒരു മെമ്മോ നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ പ്രത്യേക അധികാരങ്ങൾ വ്യക്തമാക്കുന്ന യുഎസ് ഭരണഘടനയുടെ ആർട്ടിക്കിൾ 2 പ്രകാരമാണ് അവരെ പിരിച്ചുവിടുന്നതെന്ന് മെമ്മോയിൽ പറഞ്ഞിട്ടുണ്ട്.
മാൻഹട്ടനിൽ ഫെഡറൽ പ്രോസിക്യൂട്ടറായി മൗറീൻ കോമി സേവനമനുഷ്ഠിക്കുകയായിരുന്നു. ഷോൺ “ഡിഡി” കോംബ്‌സിനെതിരായ ക്രിമിനൽ കേസിൽ അവർ മുഖ്യ പ്രോസിക്യൂട്ടറായിരുന്നു .
ജെഫ്രി എപ്‌സ്റ്റീൻ,പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരുടെ ക്രിമിനൽ പ്രോസിക്യൂഷനുകൾക്ക് നേതൃത്വം നൽകിയതും മൌറീൻ ആയിരുന്നു. 1990 നും 2000 നും ഇടയിൽ കുറഞ്ഞത് ഒരു ദശാബ്ദക്കാലത്തേക്ക് എപ്‌സ്റ്റീനും മാക്സ്വെല്ലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തി പലർക്കും കാഴ്ചവച്ച കേസിൽ മാക്‌സ്‌വെൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 20 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എപ്സസ്റ്റീനാകട്ടെ വിചാരണ പൂർത്തിയാകും മുന്നേ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് മൌറീനെ പുറത്താക്കിയത് എന്നത് ശ്രദ്ധേയമാണ്.
മൌറീൻ്റെ പിതാവ് ജെയിംസ് കോമിയെ 2017-ൽ, പ്രസിഡന്റ് ട്രംപ് എഫ്ബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടിരുന്നു. ട്രംപിന്റെയും കൂട്ടാളികളുടേയും റഷ്യൻ ബന്ധത്തെക്കുറിച്ച് വകുപ്പ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു ആ പിരിച്ചുവിടൽ. അവിടെ വച്ചും ഒന്നും അവസാനിച്ചില്ല. ട്രംപിനെതിരെ അക്രമത്തിന് കോമി ആഹ്വാനം ചെയ്തു എന്ന ആരോപണത്തിൽ നിലവിൽ നീതിന്യായ വകുപ്പ് ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.
Federal prosecutor Maureen Comey has been fired from the Justice Department.