ഈസ്റ്റ് റുഥർഫോഡ് : ആറ് വൻകരകളിലെ 32 ടീമുകൾ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്‌നെ(പി.എസ്.ജി) 30 ന് തോൽപ്പിച്ച് ചെൽസി കിരീടത്തിൽ മുത്തമിട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു.
ന്യൂ ജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് ഫൈനലിലെ കല്ലുകടിയായി.
യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ പിഎസ്ജിയെ വിറപ്പിച്ച് നേടിയ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ ചന്തം ചാർത്തിയ ആദ്യ പകുതി, തിരിച്ചുവരവിനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചതിനൊപ്പം വീണുകിട്ടിയ ഇടവേളകളിൽ ഗോളിന്റെ വക്കോളമെത്തിയ രണ്ടാം പകുതി.
ഇടയ്ക്ക് നാടകീയതയേറ്റി പിഎസ്ജി താരം ജാവോ നെവസിന്റെ ചുവപ്പുകാർഡും. ആവേശം പതഞ്ഞൊഴുകിയ കലാശപ്പോരാട്ടത്തിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കൾ.
ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ !ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43–ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി.
ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ തകർപ്പൻ സേവുകളാണ് കനത്ത തോൽവിയിൽനിന്ന് പിഎസ്ജിയെ രക്ഷിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലിയാം ദെലാപ്പിന്റെ ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ് ഡൊണ്ണാരുമ്മ തടുത്തിട്ടത്. മറുവശത്ത് ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസും എണ്ണം പറഞ്ഞ സേവുകളുമായി ടീമിന്റെ രക്ഷകനായി.
ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യപകുതിയിൽ ചെൽസി പുറത്തെടുത്തത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച കോൾ പാൽമറായിരുന്നു ചെൽസിയുടെ ഹീറോ. മത്സരത്തിന്റെ തുടക്കത്തിൽ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയില്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് തികയ്ക്കാനും പാൽമറിന് അവസരമുണ്ടായിരുന്നു.
രണ്ടാം പകുതിയിൽ പന്തിൽ ആധിപത്യം നേടിയെങ്കിലും പിഎസ്ജിക്ക് കാര്യമായ തിരിച്ചുവരവ് നടത്താനായില്ല. ചെൽസിയുടെ പ്രതിരോധനിര രണ്ടും കൽപ്പിച്ചുതന്നെയായിരുന്നു. തട്ടുപൊളിപ്പൻ സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് അരയും തലയും മുറുക്കിയതോടെ ചെൽസിയുടെ വീറിനു മുന്നിൽ പിടിച്ചുനിൽക്കാൻ പിഎസ്ജിയ്ക്കായില്ല.
ചെൽസി മുൻപ് 2021-ലാണ് ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി.
FIFA Club World Cup: Chelsea wins the title; defeats PSG 3-0; President Trump also came to watch the match