മസാച്യൂസെറ്റ്സിലെ ഫാൾ റിവറിലുള്ള ഗബ്രിയേൽ ഹൗസ് അസിസ്റ്റഡ് ലിവിംഗ് സെന്ററിൽ ഉണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. 30ലധികം പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. അൻപതിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് അഗ്നിരക്ഷാസേനാംഗങ്ങൾക്കും പരിക്ക് പറ്റിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഗബ്രിയേൽ ഹൗസ് അസിസ്റ്റഡ് ലിവിംഗ് സെന്ററിൽ താമസിച്ചിരുന്നവർക്ക് സെൻ്റ് ആൻസ് ആശുപത്രിയിലെ ചാപ്പലിൽ താത്കാലിക താമസത്തിനായുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം തീ നിയന്ത്രിക്കാനായി കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾ പൊളിക്കാനും നീക്കമുണ്ട്.
മസാച്യൂസെറ്റ്സിൽ അസിസ്റ്റഡ് ലിവിങ് സെൻ്ററിൽ വൻ തീപിടിത്തം; ഒൻപത് പേർക്ക് ദാരുണാന്ത്യം
July 14, 2025 10:27 pm
