ഫൊക്കാന സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു

ഫൊക്കാന സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2025 ലെ ഫൊക്കാന സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു. ജി.ആർ. ഇന്ദുഗോപന്റെ ‘ആനോ’ (നോവൽ), വർഗ്ഗീസ് അങ്കമാലിയുടെ ‘പടക്കം'(കഥ), നാലപ്പാടം പത്മനാഭന്റ ‘കാവ്യപ്രകാശം’ (കവിത), വിജയകൃഷ്ണന്റെ ‘ശിവപുരത്തെ ശാന്തിക്കാരൻ’ (ഓർപ്പക്കുറിപ്പ്), എന്നിവയ്ക്കാണ് പുരസ്‌കാരം. ഐസക് ഈപ്പന്റെ ‘സെർട്ടോ ഏലിയോസ്’ (കഥ) പ്രത്യേക ജൂറി പുരസ്‌കാരം നേടി.

യുവ എഴുത്തുകാർക്കുള്ള പ്രത്യേക പുരസ്‌കാരം അഭിനാഷ് തുണ്ടുമണ്ണിൽ രചിച്ച ‘പരന്ത്രീസ്‌കുഴൽ’ (നോവൽ), എൻ.എസ്. സുമേഷ്‌കൃഷ്ണന്റെ ‘കരയാത്ത കടൽ’ (കവിത), ഫെബിനയുടെ ‘സന്ധ്യ മുതൽ സന്ധ്യവരെ’ (ഓർമക്കുറിപ്പ്) എന്നിവയ്ക്കും ജസീന റഹിം രചിച്ച ‘അത്രമേൽ ഒരു പെണ്ണിൽ’ (ഓർമക്കുറിപ്പ്) പ്രത്യേക ജൂറി പുരസ്‌കാരവും നേടി.

നാല് വിഭാഗങ്ങളിലും ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിന് അർഹമായ കൃതികളുടെ രചയിതാക്കൾക്ക് 10001 രൂപ ക്യാഷ് അവാർഡും ഫലകവും ബഹുമതി പത്രവും സമ്മനിക്കും. പ്രത്യേക പുരസ്‌കാരങ്ങളും ജൂറി പരാമർശവും ശുപാർശ ചെയ്ത രചനകൾക്ക് ഫലകവും ബഹുമതി പത്രവും സമ്മാനിക്കും. ആഗസ്ത് 2ന് രാവിലെ 10 ന് കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷനോടനുബന്ധിച്ചുള്ള സാഹിത്യസമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ, ജോസ് പനച്ചിപ്പുറം, ഡോ. പ്രമീളാദേവി എന്നിവർ പങ്കെടുക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, സാഹിത്യപുരസ്‌കാര സമിതി ചെയർമാൻ കെ.വി. മോഹൻകുമാർ, അപ്പുക്കുട്ടൻപിള്ള, സുനിൽ പാറയ്ക്കൽ, ഡോ. മാത്യൂസ് കെ., ലൂക്ക് മനനിയോട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Fokana Literary Award announced

Share Email
LATEST
More Articles
Top