കണ്ഠമിടറിയുള്ള ലാൽസലാം വിളികളുടെ നടുവിൽ, എകെജി സെൻ്ററിൽ അവസാനമായി ഒരിക്കൽകൂടെ വിഎസ്; വേദനയോടെ മുദ്രാവാക്യം മുഴക്കി സഖാക്കൾ

കണ്ഠമിടറിയുള്ള ലാൽസലാം വിളികളുടെ നടുവിൽ, എകെജി സെൻ്ററിൽ അവസാനമായി ഒരിക്കൽകൂടെ വിഎസ്; വേദനയോടെ മുദ്രാവാക്യം മുഴക്കി സഖാക്കൾ

തിരുവനന്തപുരം: കേരളത്തിൻ്റെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം എ കെ ജി സെൻ്ററിൽ എത്തിച്ചു. പാർട്ടി ആസ്ഥാനത്ത് മുദ്രാവാക്യ മുഖരിതമായ സന്ധ്യയിൽ അവസാനമായി വി എസ് എത്തുമ്പോൾ പ്രവർത്തകർ കണ്ണീരോടെ കണ്ഠമിടറി ലാൽസലാം മുഴക്കി. ഇല്ല… ഇല്ല… മരിക്കുന്നില്ല… സഖാവ് വി എസ് മരിക്കുന്നില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ… ഞങ്ങളിൽ ഒഴുകും ചോരയിലൂടെ എന്ന് ആയിരങ്ങൾ മുഷ്ടി ചുരുട്ടി കൈകൾ ഉയർത്തി മുദ്രാവാക്യങ്ങൾ ഉയർത്തി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ ചേർന്ന് വി എസിൻ്റെ ഭൗതിക ശരീരത്തിൽ പതാക പുതപ്പിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞ് 3.20നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. സമര തീഷ്ണതയുടെ പ്രതീകമായിരുന്ന വി.എസ് 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു.

പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി.. ഒരു വര്‍ഷത്തിനിടെ 16-ാം വയസില്‍ സമരത്തിന് നേതൃത്വം നല്കി പതിനേഴാം വയസില്‍ വി എസിന് പാര്‍ട്ടി അംഗത്വം കിട്ടി. 1943 ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

1980 മുതല്‍ 1992 വരെ സിപിഎം സംസ്ഥാന സെക്രട്ടറി. 1985 ല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം. 1991 ല്‍ മാരാരിക്കുളത്ത് മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്ക് തോല്‍പിച്ചുകൊണ്ടായിരുന്നു വിഎസിന്റെ പാര്‍ലമെന്ററി രംഗത്തേക്കുള്ള തിരിച്ചുവരവ്.

1996 ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടു. 2001 ല്‍ മലമ്പുഴ മണ്ഡലത്തില്‍നിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006 ല്‍ മലമ്പുഴയില്‍നിന്ന് 20,017 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. 2011-2016 ല്‍ പ്രതിപക്ഷ നേതാവായി.

2016 ഓഗസ്റ്റ് 9 മുതല്‍ 2021 ജനുവരി 31 വരെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍.വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്.

Share Email
Top