കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു; ബജ്‌റംഗ്ദൾ നേതാവ് ജ്യോതി ശർമ മർദ്ദിച്ചു; നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു; ബജ്‌റംഗ്ദൾ നേതാവ് ജ്യോതി ശർമ മർദ്ദിച്ചു; നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടി

റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകളെ അനുഗമിച്ചിരുന്ന പെൺകുട്ടി. ബജ്‌റംഗ്ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ബജ്‌റംഗ്ദൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസ് കേസെടുത്തതെന്നും യുവതി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

പോലീസിൻ്റെ എഫ്.ഐ.ആർ ബജ്‌റംഗ്ദൾ പ്രവർത്തകർ പറഞ്ഞതനുസരിച്ചാണ് തയ്യാറാക്കിയത്. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് യാത്ര തിരിച്ചതെന്നും യുവതി വ്യക്തമാക്കി.

മാതാപിതാക്കൾക്കും നാല് സഹോദരിമാർക്കുമൊപ്പമാണ് യുവതി താമസിക്കുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഇവർക്ക് 250 രൂപയായിരുന്നു ദിവസ വേതനം. ഈ സമയത്താണ് കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ മാൻഡവി എന്ന യുവാവ് ഡൽഹിയിൽ മാസം പതിനായിരം രൂപ ശമ്പളത്തിൽ ഒരു ജോലി വാഗ്ദാനം ചെയ്യുന്നത്. ഡൽഹിയിലെ ഒരു ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കുക, കന്യാസ്ത്രീകൾക്ക് ഭക്ഷണം പാകം ചെയ്യുക എന്നിവയായിരുന്നു ജോലി. തുടർന്ന്, ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് എത്തിയപ്പോഴാണ് തങ്ങൾ ആദ്യമായി അറസ്റ്റിലായ കന്യാസ്ത്രീകളെ കണ്ടതെന്നാണ് യുവതിയുടെ മൊഴി.

എന്നാൽ, ഇതിനിടെ ബജ്‌റംഗ്ദൾ പ്രവർത്തകരും ഗവൺമെൻ്റ് റെയിൽവേ പോലീസും (ജി.ആർ.പി) സ്ഥലത്തെത്തി. ജ്യോതി ശർമ തൻ്റെ മുഖത്ത് രണ്ടുതവണ അടിച്ചെന്നും, കന്യാസ്ത്രീകൾ അതിനെ എതിർത്തെന്നും യുവതി പറഞ്ഞു. “അവരെ തല്ലരുതെന്നും വേണമെങ്കിൽ ഞങ്ങളെ തല്ലിക്കോളൂ” എന്നുമായിരുന്നു കന്യാസ്ത്രീകൾ പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. അതേസമയം, ഈ ആരോപണങ്ങൾ ജ്യോതി ശർമ നിഷേധിച്ചു. പോലീസിൻ്റെ മുന്നിൽവെച്ച് എങ്ങനെയാണ് യുവതിയെ തല്ലുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിവസവും ജയിലിൽ തുടരുകയാണ്. ഇരുവരും ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. എൻ.ഐ.എ. കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ ലഭിച്ച നിയമോപദേശത്തെ തുടർന്നാണിത്.

ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരും രംഗത്തെത്തി. ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുപക്ഷത്തെയും എം.പിമാർ അറിയിച്ചു. സംഭവത്തിൽ അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിശദാംശങ്ങൾ തേടി. പ്രധാനമന്ത്രിയുമായി അമിത് ഷാ വിഷയം സംസാരിച്ചുവെന്നാണ് വിവരം.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയാണെന്നും ആരോപിച്ചാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തിയത്.

ഇരുവരുടേയും പേരിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. പെൺകുട്ടികളെ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കളുടെ അനുമതി പത്രവും തിരിച്ചറിയൽ കാർഡുകളും പെൺകുട്ടികൾ ഹാജരാക്കിയിരുന്നു. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബജ്‌റംഗ്ദളോ പോലീസോ ഇതൊന്നും അംഗീകരിക്കാൻ തയ്യാറായില്ല.

Forced to give statement against nuns; Bajrang Dal leader Jyoti Sharma beaten up; Girl makes crucial revelation

Share Email
LATEST
Top