വാഷിങ്ടൺ: അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) രണ്ടാമത്തെ ഉയർന്ന പദവിയിൽ നിന്ന് മലയാളിയായ ഗീത ഗോപിനാഥ് പടിയിറങ്ങുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലേക്കാണ് അവരുടെ മടക്കം. ഐ.എം.എഫിന്റെ ഏറ്റവും ഉയർന്ന പദവികളിലൊന്നിലെത്തിയ ആദ്യ ഇന്ത്യക്കാരിയും വനിതയും മലയാളിയുമായ ഗീതയുടെ വിടവാടൽ അടുത്ത മാസം അവസാനത്തോടെ നടക്കും. 2019 ൽ ചീഫ് ഇക്കണോമിസ്റ്റ് ആയി ആദ്യ വനിതയായി നിയമിതയായ ഗീത, 2022ൽ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായപ്പോൾ ഇന്ത്യയ്ക്കും മലയാളികൾക്കും അഭിമാന നിമിഷമായിരുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഗീത ഗോപിനാഥ് എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂർ സ്വദേശികളുടെ മകളായി കൊൽക്കത്തയിലാണ് ഗീത ഗോപിനാഥ് ജനിച്ചത്. ഇന്ന് അമേരിക്കൻ വനിതയുമാണ്.ഐ.എം.എഫിൽ നിർണായക സ്വാധീനമുള്ള അമേരിക്കയിൽ നിന്ന് ഇതു സംബന്ധിച്ച പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് വാർത്താ ഏജൻസികൾറിപ്പോർട്ട് ചെയ്യുന്നു.
ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഐ.എംഎ.എഫിൽ ജോലി ചെയ്യാനുള്ള അവസരത്തിൽ താൻ അഭിമാനിക്കുന്നതായി ഗീത പ്രതികരിച്ചു. തന്നെ ചീഫ് ഇക്കണോമിസ്റ്റായി അംഗീകരിച്ച മുൻ ഐ.എം.എഫ് ചീഫ് ജോർജീവക്കും ക്രിസ്റ്റൈൻ ലഗാർഡിനും അവർ നന്ദി പറഞ്ഞു.അക്കാദമിക രംഗത്തെ തന്റെ വേരുകളിലേക്ക് തന്നെയാണ് മടക്കമെന്നും അടുത്ത തലമുറയെ ആഗോള സാമ്പത്തിക വെല്ലുവിളകളെ നേരിടാൻ പ്രാപ്തയാക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അവർ പ്രതികരിച്ചു.