നടപടികളെ ഭയമില്ല, പറഞ്ഞത് ശരിയായിരുന്നു – ഡോ. ഹാരിസ് വ്യക്തമാക്കുന്നു

നടപടികളെ ഭയമില്ല, പറഞ്ഞത് ശരിയായിരുന്നു – ഡോ. ഹാരിസ് വ്യക്തമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉദ്യോഗസ്ഥവൃന്ദത്തിനെതിരേയായിരുന്നു എഴുത്ത്. പക്ഷേ, അത് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. തുറന്നുപറച്ചിലിന്റെ പേരില്‍ എന്ത് ശിക്ഷയും നേരിടാന്‍ തയ്യാറാണെന്നും അതില്‍ വിഷമമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സഹപ്രവര്‍ത്തകരെല്ലാം തനിക്ക് അനുകൂലമായാണ് അന്വേഷണക്കമ്മിറ്റിക്ക് മുന്‍പില്‍ മൊഴികൊടുത്തത്. തന്നോട് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും രേഖാമൂലം എഴുതിനല്‍കുകയും ചെയ്തിട്ടുണ്ട്. അവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും താന്‍ സര്‍വീസിലില്ലെങ്കിലും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുറന്നുപറച്ചില്‍ക്കൊണ്ട് ഗുണമുണ്ടായി. അന്ന് സര്‍ജറി മാറ്റിവെച്ച രോഗികളൊക്കെ ഇന്ന് സര്‍ജറി കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് പോവുകയാണ്. തന്നെയും സഹപ്രവര്‍ത്തകരെയും വന്നുകണ്ട് പുഞ്ചിരിച്ചാണ് അവര്‍ പോയത്. അതാണ് ഏറ്റവും വലിയ സമ്മാനമെന്നും അതിലാണ് സമാധാനമെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.

ധാരാളം കാര്യങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിലെ ഒരുപാട് കാര്യങ്ങള്‍ ഇന്നത്തെ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ട്. പറഞ്ഞത് അതേപോലെത്തന്നെ അതില്‍ എഴുതിയിരിക്കുന്നു. അതെല്ലാം അക്ഷരംപ്രതി ശരിയാണ്. വികസനസമിതിയുടെയും ബ്യൂറോക്രസിയുടെയും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് പലര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത കെണിയായി കിടക്കുകയാണ്. അവ അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ പറയാന്‍ അവലംബിച്ച മാര്‍ഗം ശരിയായില്ലെന്നറിയാം. അതില്‍ തെറ്റുപറ്റി. പക്ഷേ, വേറെ മാര്‍ഗമില്ലായിരുന്നു. ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതു മാത്രമായിരുന്നു പോസ്റ്റുകൊണ്ടുള്ള ഉദ്ദേശ്യം. മൂന്ന് ഫെയ്‌സ്ബുക് പോസ്റ്റിലും ആരോഗ്യവകുപ്പിനെയോ സര്‍ക്കാരിനെയോ കുറ്റംപറഞ്ഞ് ഒന്നുമെഴുതിയിട്ടില്ല. ബ്യൂറോക്രസിക്കെതിരേ മാത്രമാണ് എഴുതിയത്. അത് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുമെന്നും രോഗികള്‍ക്ക് അടിയന്തരമായ ചികിത്സയ്ക്ക് സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും മാത്രമേ വിചാരിച്ചുള്ളൂ. പക്ഷേ, പോസ്റ്റ് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അതിന്റെ സമ്മര്‍ദത്തിലായിരുന്നു.

ഇവ കൂടുതലായി ബാധിച്ചത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎം എന്നീ മൂന്ന് വിഭാഗങ്ങളെയാണ്. ഇവര്‍ മൂന്നും എപ്പോഴും എന്റെ കൂടെനില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തവരാണ്. താന്‍ അപേക്ഷപോലും നല്‍കാതെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയുമാണ് തന്നെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുവന്നതും ഇവിടെ ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തതും. അവര്‍ക്കെതിരേ ഈ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും വേദനിച്ചു. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായല്ല ഇത് പറയുന്നത്. വളരെ ആത്മാര്‍ഥമായി പറയുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഒരു ജോലിയല്ലെങ്കില്‍ വേറെ ജോലി കിട്ടും. അതുകൊണ്ട് ഭയമില്ല. എന്ത് ശിക്ഷയ്ക്കും തയ്യാറായി നില്‍ക്കുകയാണ്. ഒരു നടപടി പ്രതീക്ഷിച്ച് വകുപ്പിന്റെ എല്ലാ ചാര്‍ജുകളും ജൂനിയര്‍ ഡോക്ടര്‍മാരെ ഏല്‍പ്പിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനോ വകുപ്പ് നടപടിയോ വന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതാണ്. പെട്ടെന്നാണ് ഇത് നടക്കുന്നതെങ്കില്‍ പിന്നെ സമയം കിട്ടിയെന്നുവരില്ല. അതുകൊണ്ട് വേഗം ചെയ്തുവെന്ന് മാത്രം.

സര്‍ക്കാര്‍ തന്നെ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിക്കെതിരേ മാത്രമാണ് പോരാട്ടം. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കും അനാസ്ഥയുമാണ് വിഷയം. ചട്ടലംഘനത്തിന് സാധാരണ സസ്‌പെന്‍ഷനാണ് ഉണ്ടാവാറ്. ചെയ്തത് അതിനനുസരിച്ചുള്ള തെറ്റാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും. അതിനാല്‍ വിഷമമില്ല. അത് പ്രതീക്ഷിക്കുന്നുമുണ്ട്. തനിക്ക് സാമ്പത്തിക ബാധ്യതകളില്ലാത്തതുകൊണ്ട് പ്രശ്‌നമില്ല. ലോണോ കടങ്ങളോ ഇല്ല. ഭാര്യക്ക് ജോലിയുണ്ട്. മക്കളില്‍ മൂത്തയാള്‍ക്കും ജോലിയായി. ബൈക്കിന് പെട്രോള്‍ അടിക്കാനുള്ള പണം കിട്ടിയാല്‍ തന്റെ ഒരു ദിവസത്തെ കാര്യം നടക്കും. തെറ്റ് ചെയ്തതില്‍ ശിക്ഷ സ്വീകരിക്കാന്‍ ഒരു മടിയുമില്ല. മെഡിക്കല്‍ കോളേജിനെ ഇകഴ്ത്തിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

haris chirackal facebook post controversy

Share Email
LATEST
More Articles
Top