സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം ചെയ്യാന്‍ നിര്‍ദേശം നൽകി ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡ്. സ്‌കൂള്‍ അസംബ്ലിയിലും ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തണം എന്നാണ് നിർദേശം. പദ്ധതി അടുത്ത അധ്യായന വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ദൈനംദിന അസംബ്ലികളിൽ അടക്കം ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ ഉൾപ്പെടുത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ, ഈ ശ്ലോകങ്ങൾ വായിക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തെ സഹായിക്കുമെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു.
ഗീത പഠിപ്പിക്കുന്നത് യുവമനസ്സുകളെ ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയുന്ന ധാർമ്മികവും ആത്മീയവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നുവെന്നാണ് എച്ച്എസ്ഇബിയുടെ അവകാശവാദം. സ്കൂൾ കുട്ടികൾക്കിടയിൽ അച്ചടക്കം, ഉത്തരവാദിത്തം, ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം എന്നാണ് വിദ്യാഭ്യാസ ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
അതേസമയം ചില അധ്യാപകർ വിദ്യാഭ്യാസ ബോർഡിൻ്റെ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ രംഗത്ത് മതഗ്രന്ഥങ്ങൾ എന്തിനാണ് പാഠ്യവിഷയമാക്കുന്നതെന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്.