സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്ന റെഡ് അലർട്ട് മൊത്തത്തിൽ പിൻവലിച്ചു. അതായത് അതിതീവ്ര മഴക്ക് ശമനമായെന്ന് സാരം. എന്നാൽ അതിശക്ത മഴ തുടരും. ഇതുപ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്താകെ ശക്തമായ കാറ്റ് തുടരുമെന്നും അറിയിപ്പുണ്ട്.
ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യത.കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് (ജൂലൈ 27) അതിശക്തമായ മഴയ്ക്കും ജൂലൈ 27 മുതൽ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (27/07/2025) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിയിലും ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത. 1.30 pm 27 ജൂലൈ 2025