തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. നടപടി അടിയന്തിരമായി പിൻവലിക്കാൻ വൈസ് ചാൻസലർ ഡോ സിസാ തോമസിന് നിർദേശം നൽകി പ്രോ ചാൻസലർ കൂടിയായ മന്ത്രി കത്തയച്ചു.
വൈസ് ചാൻസലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കേരള സർവകലാശാല നിയമം 1974 അനുസരിച്ച്, രജിസ്ട്രാർ സിൻഡിക്കേറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.
സസ്‌പെൻഡ് ചെയ്യേണ്ട അടിയന്തിര നടപടി ആവശ്യമായ ഒരു സാഹചര്യവും സർവ്വകലാശാലയിൽ നിലവിലുണ്ടായിരുന്നില്ലെന്നും, വൈസ് ചാൻസലറുടെ നടപടി പുറമെ നിന്നുള്ള സമ്മർദ്ദത്താലാണെന്ന് ന്യായമായും അനുമാനിക്കാമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.
Higher Education Minister writes to VC demanding withdrawal of Kerala Registrar’s suspensionFeedbackImprove your