ചികിത്സയ്ക്കിടെ 11 വയസ്സുള്ള ഒരു കുട്ടിക്ക് കാലാവധി കഴിഞ്ഞ RL (റിംഗർ ലാക്റ്റേറ്റ്) ബോട്ടിൽ നൽകി. മധ്യപ്രദേശിലെ പന്നയിലുള്ള ഒരു ജില്ലാ ആശുപത്രിയിലാണ് ആരോഗ്യപ്രവർത്തകർ ഇത്തരത്തിലൊരു പിഴവ് പറ്റിയത്. അതേസമയം സംഭവമറിഞ്ഞ് മാറ്റിക്കൊണ്ടുവന്ന ബോട്ടിലും കാലാവധി കഴിഞ്ഞതോടെ ആശുപത്രിക്കെതിരെ പ്രതിഷേധിക്കുകയാണ് കുട്ടിയുടെ കുടുംബം.
ഞരമ്പുകളിലേക്ക് നേരിട്ട് കടത്തിവിടുന്ന ആർഎൽ ലായനി ശരീരത്തിൽ ഉടനടി ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇതറിഞ്ഞിട്ട് കൂടിയാണ് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പിഴവ് ഉണ്ടായത്.
ബോട്ടിൽ നൽകിയ ഉടൻ തന്നെ കുട്ടിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡ്യൂട്ടിയിലുള്ള നഴ്‌സിനെ വിളിച്ചപ്പോഴാണ് ഇത് കാലാവധി കഴിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞതെന്നും ജീവനക്കാർ ഉടൻ തന്നെ ഈ കുപ്പി നീക്കം ചെയ്തുവെന്നും കുടുംബം പറഞ്ഞു. എന്നാൽ പിന്നീട് മറ്റൊരു ബോട്ടിൽ കൊണ്ടുവന്നുവെന്നും പരിശോധനയിൽ ഇതിൻ്റെയും കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയെന്നും ഇവർ പറയുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച പന്നയിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. രാജേഷ് തിവാരി, ആരോഗ്യപ്രവർത്തകരുടേത് ഗുരുതരമായ അശ്രദ്ധയാണെന്ന് പറഞ്ഞു. സംഭവത്തിൽ
അന്വേഷണം നടത്തുകയും ഉത്തരവാദിത്തപ്പെട്ട ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയ്ക്കെത്തിയ 11കാരന് ആശുപത്രിയിൽ കുത്തിവെച്ചത് കാലാവധി കഴിഞ്ഞ മരുന്ന്; സംഭവം മധ്യപ്രദേശിൽ
July 17, 2025 9:14 pm
