ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ് കൊല്ലപ്പെട്ടത് മദ്യലഹരിയിലായിരുന്ന ജീവനക്കാരുടെ മർദനമേറ്റ്; പിടിയിലായ രണ്ട് ജീവനക്കാർ കുറ്റം സമ്മതിച്ചു

ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ് കൊല്ലപ്പെട്ടത് മദ്യലഹരിയിലായിരുന്ന ജീവനക്കാരുടെ മർദനമേറ്റ്; പിടിയിലായ രണ്ട് ജീവനക്കാർ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ഇടപ്പഴഞ്ഞിയിൽ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ് കൊല്ലപ്പെട്ട കേസിൽ, ഹോട്ടൽ ജീവനക്കാരായ നേപ്പാൾ സ്വദേശി ഡേവിഡ്, വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെ പോലീസ് പിടികൂടി. ജോലിക്കെത്താത്തതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഇരുവരും അമിതമായി മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ, ജോലിക്കെത്താത്ത ഡേവിഡിനെയും രാജേഷിനെയും വിളിക്കാനായി ജസ്റ്റിൻ രാജ് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ പ്രതികൾ ജസ്റ്റിൻ രാജിനെ മർദിക്കുകയായിരുന്നു. മർദനമേറ്റാണ് ജസ്റ്റിൻ രാജ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമായിരുന്ന എം. സത്യനേശന്റെ മകൾ അജിതയാണ് ജസ്റ്റിൻ രാജിന്റെ ഭാര്യ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഏകമകൻ കിരൺ വിദേശത്തുനിന്ന് എത്തിയ ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. ഏറെനാൾ കോൺട്രാക്ടറായി പ്രവർത്തിച്ചിരുന്ന ജസ്റ്റിൻ രാജ്, മൂന്നുപേരുമായി ചേർന്ന് ഒരു വർഷം മുൻപാണ് കോട്ടൺഹിൽ സ്കൂളിന് സമീപം ‘കേരള കഫേ’ എന്ന ഹോട്ടൽ ആരംഭിച്ചത്.

ദിവസവും പുലർച്ചെ അഞ്ചിന് ഹോട്ടൽ തുറന്നിരുന്നത് ജസ്റ്റിൻ രാജായിരുന്നു. എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ ഡേവിഡും രാജേഷും ഇന്നലെ ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ തിരക്കിയാണ് മാനേജരുടെ ഇരുചക്രവാഹനത്തിൽ ജസ്റ്റിൻ രാജ് വാടക വീട്ടിൽ പോയത്. വൈകുന്നേരമായിട്ടും ജസ്റ്റിനെ കാണാതായതിനെ തുടർന്ന് ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പായകൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിഴിഞ്ഞം അടിമലത്തുറയിൽനിന്ന് രാത്രിയോടെ പ്രതികളെ പിടികൂടുകയായിരുന്നു.

ഇവരെ പിടികൂടാന്‍ പോയ പോലീസുകാര്‍ക്കു നേരേ ആക്രമണമുണ്ടായി. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ പ്രതികളെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയതു. പിടിയിലായ രണ്ട് ജീവനക്കാർ കുറ്റം സമ്മതിച്ചു.

Hotel owner Justin Raj was beaten to death by drunken employees; two employees arrested confess to the crime

Share Email
LATEST
Top