ഒട്ടാവ: കാനഡയിൽ ജൂലൈ ഒന്ന് മുതൽ ആദായ നികുതി ഇളവ് പ്രാബല്യത്തിൽ വന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ട്, ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരുടെ വ്യക്തിഗത ആദായ നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കനേഡിയൻ സർക്കാർ കുറച്ചു. ഇതോടെ ജീവനക്കാർക്ക് അടുത്ത മാസം മുതൽ കൂടുതൽ ശമ്പളം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വരുമാനം നേടുന്ന കനേഡിയൻ പൗരന്മാർക്ക്, പ്രത്യേകിച്ച് ഇടത്തരം വരുമാനമുള്ളവർക്ക് ഈ മാറ്റം വലിയ നേട്ടമാകും. കാനഡയിലെ പുതിയ നികുതി നിയമമനുസരിച്ച്, തൊഴിലുടമകൾ ഓരോ ശമ്പളത്തിൽ നിന്നും കുറഞ്ഞ തുക നികുതിയായി ഈടാക്കും. നികുതിയിളവ് നിയമപരമായി പാസാക്കിയിട്ടില്ലെങ്കിലും പാർലമെന്റ് ഇത് അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ നടപ്പാക്കലുമായി മുന്നോട്ട് പോകുകയാണ്.
ഫിനാൻസ് കാനഡയുടെ കണക്കനുസരിച്ച് ഏകദേശം 22 ദശലക്ഷം ആളുകൾക്ക് ഈ നികുതിയിളവ് ലഭിക്കും. ഈ വർഷം 1,14,750 ഡോളറിൽ കുറവ് വരുമാനമുള്ളവർക്കായിരിക്കും ഇതിന്റെ പ്രധാന ആനുകൂല്യം ലഭിക്കുക. ഓരോ വ്യക്തിക്കും 420 ഡോളർ വരെയും ദമ്പതികൾക്ക് 840 ഡോളർ വരെയും ലാഭിക്കാൻ കഴിയും.
ശമ്പളത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം
പുതിയ നിരക്ക് വർഷത്തിന്റെ മധ്യത്തിൽ നിലവിൽ വന്നതിനാൽ, 2025-ലെ ആദ്യ ബ്രാക്കറ്റ് നികുതി നിരക്ക് 14.5 ശതമാനമായിരിക്കും. എന്നാൽ കാനഡ റെവന്യൂ ഏജൻസി ഇതിനോടകം തന്നെ 14 ശതമാനം നിരക്കിൽ നികുതി ഈടാക്കാൻ തുടങ്ങി. അതിനാൽ നിങ്ങളുടെ അടുത്ത ശമ്പളം മുതൽ കൂടുതൽ പണം ലഭിക്കാൻ സാധ്യതയുണ്ട്.
പ്രതിവർഷം 57,375 ഡോളർ വരുമാനം നേടുന്ന ഒരാൾക്ക് ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഏകദേശം 16 ഡോളർ കൂടുതൽ ലഭിക്കും. ശമ്പളം പ്രതിമാസമാണെങ്കിൽ ഏകദേശം 35 ഡോളർ വരെ ലഭിക്കും. തൊഴിലുടമകൾ പുതിയ 14 ശതമാനം വിത്ത്‌ഹോൾഡിങ് നിരക്ക് അനുസരിച്ച് ശമ്പളപ്പട്ടിക പുതുക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഇത് ലഭിക്കൂ. ഇങ്ങനെ ഈ വർഷം ഡിസംബർ വരെ 13 തവണകളായി ശമ്പളം ലഭിക്കുമ്പോൾ ഏകദേശം 206 ഡോളർ അധികമായി ലഭിക്കും.
നിങ്ങളുടെ തൊഴിലിടം ഇതുവരെ ഈ മാറ്റം വരുത്തിയില്ലെങ്കിൽ വിഷമിക്കേണ്ടതില്ലെന്നും അടുത്ത വർഷം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഈ പണം റീഫണ്ടായി ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സർക്കാർ ലക്ഷ്യം
ഓരോ കനേഡിയൻ പൗരനും അത്യാവശ്യ കാര്യങ്ങൾ താങ്ങാനും സാമ്പത്തികമായി സുരക്ഷിതരാകാനും കഴിയണമെന്നും, ദീർഘകാല സാമ്പത്തിക വളർച്ചയിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഇതെന്നും ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്ൻ മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ആളുകൾക്ക് ജീവിതച്ചെലവ് താങ്ങാനും കൂടുതൽ പണം കൈയിൽ വെക്കാനും സാധിക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ആഴ്ചയിലോ രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ശമ്പളം വാങ്ങുന്ന ആൾക്കാർക്ക് അവരുടെ വരുമാനം ആറ് അക്കത്തിൽ താഴെയാണെങ്കിൽ ഈ വേനൽക്കാലത്ത് അവരുടെ കൈയിൽ കൂടുതൽ പണം ലഭിക്കും.
നികുതി നിരക്കിലെ മാറ്റങ്ങൾ
പുതിയ നിയമമനുസരിച്ച്, 57,375 ഡോളർ വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറയും. 57,375 ഡോളർ മുതൽ 1,14,750 ഡോളർ വരെ വരുമാനമുള്ളവരുടെ നികുതി നിരക്കിൽ മാറ്റമില്ല. 1,14,750 ഡോളറിൽ കൂടുതൽ വരുമാനമുള്ളവരുടെ നികുതി നിരക്കും പഴയത് പോലെ തന്നെ തുടരും.
ഈ മാറ്റം കാരണം കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കും. അതുപോലെ ഇടത്തരം വരുമാനമുള്ള ആളുകൾക്ക് കൂടുതൽ പണം കൈയിൽ വെക്കാനും ഇത് സഹായിക്കും. ഈ പുതിയ നിയമം കാനഡയിലെ സാമ്പത്തിക വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നും സർക്കാർ കരുതുന്നു.
Income from income tax deduction in Canada; Advantage of low income