ഡൽഹി: വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധ ദുഃഖം പ്രകടിപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം രംഗത്ത്. കേരളത്തിന്റെ ഉന്നമനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഎസിനെ വിശേഷിപ്പിച്ചത്. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകളുടെ ഊഷ്മള സ്മരണകൾ പങ്കുവെച്ച്, ആ കാലത്തെ ഒരു ചിത്രത്തോടൊപ്പം മലയാളത്തിൽ എഴുതിയ വൈകാരിക കുറിപ്പം പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു. നീണ്ടകാലത്തെ സാമൂഹിക ജീവിതത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിയെന്നാണ് വി എസിനെ രാഷ്ട്രപതി ദ്രൗപദി മുർമ്മു വിശേഷിപ്പിച്ചത്. കേരളത്തിൻ്റെ വികസനത്തിനും നിർണ്ണായക സംഭാവനകൾ നൽകിയ വ്യക്തിയെന്നും ദ്രൗപദി മുർമ്മു കൂട്ടിച്ചേർത്തു.
വി എസ് അച്യുതാനന്ദന്‍റെ വേർപാടിൽ വേദന പങ്കുവച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വി എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസ്സിൽ ഇരമ്പുന്ന ഘട്ടമാണിത്. അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് വി എസ് അച്യുതാനന്ദന്റെ ജീവിതമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ നടത്താനാണ് തീരുമാനം.