മാലെ: സമീപകാലത്ത് നയതന്ത്രപരമായ അകൽച്ചയിലായിരുന്ന അയൽരാജ്യമായ മാലദ്വീപിന് 4850 കോടി രൂപയുടെ ലൈൻ ഓഫ് ക്രെഡിറ്റ് (എൽ.ഒ.സി.) അനുവദിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനവേളയിലാണ് വെള്ളിയാഴ്ച ഈ സുപ്രധാന പ്രഖ്യാപനം നടന്നത്. ഒരു നിശ്ചിത തുകവരെ ആവശ്യമുള്ളപ്പോൾ കടമെടുക്കാനും തിരിച്ചടക്കാനും സാധിക്കുന്ന വായ്പാസൗകര്യമാണ് ലൈൻ ഓഫ് ക്രെഡിറ്റ്. തിരിച്ചടച്ച തുക വീണ്ടും കടമെടുക്കാൻ സാധിക്കുമെന്നത് ഈ വായ്പാസൗകര്യത്തിന്റെ സവിശേഷതയാണ്.
മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തരായ പങ്കാളിയായതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. വ്യാപാരം, പ്രതിരോധം, അടിസ്ഥാനസൗകര്യവികസനം ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി മോദി വിശദമായ ചർച്ചകൾ നടത്തി. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി നിക്ഷേപക ഉടമ്പടി അന്തിമമാക്കുന്നതിന് ഇരു കൂട്ടരും യോജിച്ച് പ്രവർത്തിക്കുമെന്നും മോദി അറിയിച്ചു. കൂടാതെ, മാലദ്വീപുമായി സ്വതന്ത്രവ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള ഔപചാരിക ചർച്ചകൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടൻ സന്ദർശനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ വലേന വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് മുയിസുവിന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ഇന്ത്യ-മാലദ്വീപ് നയതന്ത്രബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി ഇരുവരും ചേർന്ന് സ്റ്റാമ്പ് പുറത്തിറക്കി. പ്രസിഡന്റ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.
ചൈനയോട് ആഭിമുഖ്യം പുലർത്തുന്നതും ഇന്ത്യയോട് അകലം പാലിച്ചിരുന്നതുമായ മുഹമ്മദ് മുയിസു 2023 നവംബറിൽ അധികാരമേറ്റെടുത്തതിന് പിന്നാലെ ഇന്ത്യ-മാലദ്വീപ് ബന്ധത്തിൽ ചെറിയ ഉലച്ചിലുകൾ സംഭവിച്ചിരുന്നു. എന്നാൽ, പിന്നീട് മുയിസു തന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളിൽ അയവ് വരുത്തുകയായിരുന്നു.
India-Maldives relations are warming up: India announces loan of Rs 4850 crore to Maldives