ജഗത്സിങ്പൂർ: ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 18 വയസ്സുള്ള ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അയൽവാസിയുടെ വീട്ടിലേക്ക് പോയതായിരുന്നു. ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ, മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതായപ്പോൾ കുടുംബം പെൺകുട്ടിയെ അന്വേഷിച്ചിറങ്ങി. പിന്നാലെയാണ് വീട്ടിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെ ആളൊഴിഞ്ഞൊരു പ്രദേശത്ത് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ ജഗത്സിംഗ്പൂർ സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്കെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സദർ പോലീസ് സ്റ്റേഷൻ ഐഐസി പ്രഭാഷ് ചന്ദ്ര സാഹുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച കട്ടക്കിൽ നിന്ന് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.