ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച: പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യം; വിമർശനം ശക്തം, പ്രമുഖ താരങ്ങൾ വിട്ടുനിന്നേക്കും

ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച: പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യം; വിമർശനം ശക്തം, പ്രമുഖ താരങ്ങൾ വിട്ടുനിന്നേക്കും

ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്ത് വീണ്ടും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഞായറാഴ്ച വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ടൂർണമെന്റിലാണ് ഇന്ത്യ ചാമ്പ്യൻസും പാകിസ്താൻ ചാമ്പ്യൻസും ഏറ്റുമുട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റിൽ നേർക്കുനേർ വരുന്നത്. അതിനാൽതന്നെ പാകിസ്താനുമായി കളിക്കുന്നതിനെതിരേ ഇന്ത്യൻ ആരാധകരുടെ ഇടയിൽനിന്ന് വൻ വിമർശനങ്ങളാണ് ഉയരുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിക്കുന്നത്. പാകിസ്താനെതിരേ കളിക്കരുതെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. “കുറ്റവാളികൾക്കൊപ്പം എന്തിനാണ് കളിക്കുന്നത്?” എന്നടക്കം രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

ഇരു രാജ്യങ്ങളിലെയും മുൻ താരങ്ങൾ ടീമിൽ അണിനിരക്കുന്നുണ്ട്. യുവ്‌രാജ് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. എന്നാൽ, ഇവരിൽ ചിലർ ഞായറാഴ്ച കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്പോർട്സ് ടാക്കിന്റെ റിപ്പോർട്ട് പ്രകാരം ടീമിലെ പ്രമുഖരായ മൂന്ന് താരങ്ങൾ ഞായറാഴ്ച കളിക്കില്ല.

യൂനിസ് ഖാനാണ് പാക് ടീമിനെ നയിക്കുന്നത്. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിർ, കമ്രാൻ അക്മൽ എന്നിവർ പാക് ടീമിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദപരാമർശം നടത്തിയ ഷാഹിദ് അഫ്രിദിയും പാക് സംഘത്തിലുണ്ട്. അഫ്രിദി പാക് മാധ്യമങ്ങളിലൂടെ ഇന്ത്യൻ സുരക്ഷാ സേനയ്ക്കെതിരെയാണ് മോശം പരാമർശങ്ങൾ നടത്തിയത്. ഇത് വൻ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിലും വനിതാ ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടമുണ്ടാകും. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ആതിഥേയർ ഇന്ത്യയാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും പാകിസ്താൻ ക്രിക്കറ്റ് ബോർഡും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റുകൾ നിഷ്പക്ഷ വേദികളിലോ അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകളിലോ നടത്താറാണ് പതിവ്. ഇത്തവണയും ഇത് നടപ്പിലാക്കും. എന്നാൽ ഏഷ്യാ കപ്പ് മത്സരക്രമം ഇനിയും പുറത്തുവന്നിട്ടില്ല.

ഐ.സി.സി. ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ, 2008-ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനിൽ പര്യടനം നടത്തിയിട്ടില്ല.

അടുത്തിടെ പാകിസ്താനിൽ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024-2027 കാലയളവിൽ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐ.സി.സി. ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) തീരുമാനിച്ചിരുന്നു

India-Pakistan Cricket Clash on Sunday: First Since Pahalgam Attack; Strong Criticism, Key Players May Withdraw

Share Email
LATEST
Top