ന്യൂഡൽഹി: ജൂലൈ 20 ഞായറാഴ്ച നടക്കേണ്ടിയിരുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിലെ ഇന്ത്യാ-പാകിസ്താൻ മത്സരം റദ്ദാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും മറ്റ് നിരവധി താരങ്ങളും പിന്മാറിയതിനെ തുടർന്നാണിത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് റദ്ദാക്കിയത്. പാകിസ്താനെതിരെ കളിക്കില്ലെന്ന് ശിഖർ ധവാൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാകിസ്താനെതിരെ കളിക്കില്ലെന്ന തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ധവാൻ സംഘാടകർക്ക് എഴുതിയ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെയും, പ്രത്യേകിച്ച് പഹൽഗാം ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മറ്റു ചില ഇന്ത്യൻ താരങ്ങളും പാകിസ്താനെതിരെ കളിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.
“ഇന്ത്യാ-പാകിസ്താൻ മത്സരം (ജൂലൈ 20, ഞായറാഴ്ച, വൈകുന്നേരം 4.30) റദ്ദാക്കി. സ്റ്റേഡിയം അടച്ചിടുന്നതിനാൽ ദയവായി ആരും വരരുത്. ടിക്കറ്റ് എടുത്ത എല്ലാവർക്കും മുഴുവൻ തുകയും തിരികെ നൽകുന്നതാണ്,” സംഘാടകർ അറിയിച്ചു.
ഇന്ത്യാ-പാക് മത്സരത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ഭാഷയിലാണ് ആരാധകർ പ്രതികരിച്ചിരുന്നത്. പാകിസ്താനെതിരേ കളിക്കരുതെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. കുറ്റവാളികൾക്കൊപ്പം എന്തിനാണ് കളിക്കുന്നതെന്നടക്കം രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നിരുന്നു.
ഇരു രാജ്യങ്ങളിലെയും പ്രധാന മുൻ താരങ്ങൾ ടീമിലുണ്ടായിരുന്നു. യുവ്രാജ് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ്, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, ഹർഭജൻ സിങ് തുടങ്ങിയ താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്.
യൂനിസ് ഖാനാണ് പാക് ടീമിനെ നയിക്കുന്നത്. ഷൊയ്ബ് മാലിക്, മുഹമ്മദ് ആമിർ, കമ്രാൻ അക്മൽ എന്നിവർ പാക് ടീമിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വിവാദപരാമർശം നടത്തിയ ഷാഹിദ് അഫ്രീദിയും പാക് സംഘത്തിലുണ്ടായിരുന്നു. അഫ്രീദി പാക് മാധ്യമങ്ങളിലൂടെ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരെയാണ് മോശം പരാമർശങ്ങൾ നടത്തിയത്. ഇത് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിലും വനിതാ ലോകകപ്പിലും ഇന്ത്യാ-പാക് പോരാട്ടമുണ്ടാകും. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ആതിഥേയർ ഇന്ത്യയാണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും പാകിസ്താൻ ക്രിക്കറ്റ് ബോർഡും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റുകൾ നിഷ്പക്ഷ വേദികളിലോ അല്ലെങ്കിൽ ഹൈബ്രിഡ് മോഡലുകളിലോ നടത്താറാണ് പതിവ്. ഇത്തവണയും ഇത് നടപ്പിലാക്കും. എന്നാൽ ഏഷ്യാ കപ്പ് മത്സരക്രമം ഇനിയും പുറത്തുവന്നിട്ടില്ല.
ഐസിസി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ, 2008ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ പാകിസ്താനിൽ പര്യടനം നടത്തിയിട്ടില്ല.
അടുത്തിടെ പാകിസ്താനിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായും ഇന്ത്യ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടത്തുകയായിരുന്നു. 2024-2027 കാലത്തിൽ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകൾക്കും ഹൈബ്രിഡ് മോഡൽ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരുന്നു.
Criticism is strong, the first India-Pakistan match after the Pahalgam attack has been canceled