ഇന്ത്യയുടെ മൊത്തവില സൂചിക (WPI-Wholesale Price Index) അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഈ വർഷം ആദ്യമായി മൈനസ് സൂചികയിൽ . ജൂൺ മാസത്തിൽ WPI ഇൻഫ്ലേഷൻ -0.13 ശതമാനമായി കുറയുകയായിരുന്നു. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും കുറഞ്ഞതാണ് പ്രധാന കാരണം.
വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം, മേയിൽ 0.39 ശതമാനമായിരുന്നു WPI പണപ്പെരുപ്പം , ഇത് 14 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
ജൂൺ മാസത്തിൽ ഭക്ഷ്യവില 0.26 ശതമാനവും പെട്രോൾ, ഡീസൽ പോലുള്ള ഇന്ധനവില 2.68 ശതമാനവും കുറഞ്ഞു. ഇതാണ് മൊത്തത്തിൽ WPI സൂചിക മൈനസ് ഇൽ എത്താൻ കാരണമായത്.
ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പവും കുറവിലാണ്. മെയ് മാസത്തിൽ CPI പണപ്പെരുപ്പം 2.82 ശതമാനമായി കുറഞ്ഞു — ഫെബ്രുവരി 2019ന് ശേഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
പണപ്പെരുപ്പം കുറയുന്നതിനിടെ, റിസർവ് ബാങ്ക് ജൂൺ മാസത്തെ ധനനയം അവലോകനത്തിൽ റിപോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറച്ചു. കൂടാതെ കാഷ് റിസർവ് റേഷ്യോ (CRR) നാലു ഘട്ടങ്ങളിലായി 4 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറക്കാനും തീരുമാനിച്ചു. ഇതുവഴി ബാങ്കിങ് രംഗത്ത് ₹2.5 ലക്ഷം കോടിയോളം പണം കൂടുതൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ വിലയിരുത്തലുകൾ പ്രകാരം, 2025-26 വർഷത്തേക്കുള്ള പണപ്പെരുപ്പം പ്രവചനം 4 ശതമാനത്തിൽ നിന്ന് 3.7 ശതമാനമാക്കി കുറച്ചു.
ഗവർണർ വ്യക്തമാക്കിയതുപോലെ, ഒക്ടോബറിലുണ്ടായ ഉയര്‍ന്ന പണപ്പെരുപ്പം ഇപ്പോൾ ലക്ഷ്യനിരക്കിൽ നിന്ന് താഴെയാണ്. അടുത്ത മാസങ്ങളിലും വർഷത്തിലും ഇത് സ്ഥിരത പുലർത്തുമെന്നാണ് പ്രതീക്ഷ.
India Sees Price Drop; June Inflation in Negative Zone












