ന്യൂഡൽഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിന്‍റെ അടുത്ത ഘട്ട ചർച്ചകൾക്കായി ഓഗസ്റ്റിൽ യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തും. വാഷിംഗ്ടണിൽ അടുത്തിടെ നടന്ന അഞ്ചാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് യുഎസ് സംഘം ഇന്ത്യയിലേക്ക് വരുന്നത്. ഓഗസ്റ്റ് മാസത്തിന്‍റെ രണ്ടാം പകുതിയിൽ യുഎസ് സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച വ്യക്തമാക്കി.
ഇന്ത്യൻ വാണിജ്യ വകുപ്പിന്‍റെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ആണ് യുഎസുമായുള്ള ചര്‍ച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്. യുഎസ് ഭാഗത്ത് ദക്ഷിണ, മധ്യ ഏഷ്യയ്ക്കായുള്ള അസിസ്റ്റന്റ് ട്രേഡ് റെപ്രസന്റേറ്റീവ് ബ്രെൻഡൻ ലിഞ്ചാണ് നേതൃത്വം നൽകുന്നത്. ട്രംപ് തീരുവകളുടെ (Trump tariffs) താൽക്കാലിക നിർത്തിവെപ്പ് ഓഗസ്റ്റ് ഒന്നിന് അവസാനിക്കുന്നതിനാൽ ഈ ചർച്ചകൾ വളരെ നിർണായകമാണ്.
ട്രംപ് ഏർപ്പെടുത്തിയ തീരുവകളുടെ സസ്പെൻഷൻ കാലാവധി അവസാനിക്കുംമുമ്പ് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഒരു താൽക്കാലിക വ്യാപാര കരാർ ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ വർഷം ഏപ്രിൽ രണ്ടിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾക്കായി ഈ തീരുവകൾ 90 ദിവസത്തേക്ക് നടപ്പാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.