ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍: 25 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്

ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍: 25 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഓഗസ്റ്റ് ഒന്നിനുള്ളില്‍ നടപ്പായില്ലെങ്കില്‍ 25 ശതമാനം വരെ ഇറക്കുമതി ചുങ്കം ഈടാക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറില്‍ അന്തിമതീരുമാനമായിട്ടില്ലെന്നു ട്രംപ് വ്യക്തമാക്കി.
ഇന്ത്യ അമേരിക്കയുടെ നല്ല സുഹൃത്താണെന്നും എന്നാല്‍ അവര്‍ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലായാണ് നികുതി ഈടാക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സ്‌കോട്ട്‌ലാന്‍ഡ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചാല്‍ ടെക്സ്‌റ്റൈല്‍സ്, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ പാര്‍ട്ട്‌സ് തുടങ്ങിയ മേഖലകള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുക. അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതിചെയ്യുന്നവയില്‍ കൂടിയ പങ്കും ഈ വിഭാഗങ്ങളിലാണുള്ളത്. 2024ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം 129 ബില്യണ്‍ ഡോളറാണ്.

സോയാബീന്‍സ്, മക്ക തുടങ്ങിയ ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ കാര്യത്തില്‍ നിലവില്‍ ഇന്ത്യ ശക്തമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. നിലവിലെ അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ മുട്ടുകുത്താതെ ചര്‍ച്ചകള്‍ തുടരാനാണ് ഇന്ത്യന്‍ തീരുമാനം.

ഇതിനിടെ അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സ് നല്കിയ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സംഘം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ സംഘവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങള്‍ക്കുള്ളില്‍ സമഗ്ര വ്യാപാര കരാര്‍ ഉണ്ടാകാമെന്ന പ്രതീക്ഷ ഇന്ത്യയ്ക്ക് ഉണ്ട്. ഇപ്പോള്‍ പുറത്തുവരുന്നത് താല്‍ക്കാലിക തര്‍ക്കം മാത്രമാണെന്നും ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇതിനോടകം അഞ്ചു റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള ആഗോള നികുതി പ്രകാരം ലോക വ്യാപാര രംഗത്തെ ദീര്‍ഘകാല പ്രതിഫലനങ്ങള്‍ക്ക് ഇടയാക്കും.

India-US trade deal: Trump threatens 25 percent tax

Share Email
LATEST
Top