വാഷിങ്ടൺ: ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ താരിഫ് തീരുവകളുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മിൽ നടന്ന ചർച്ചകളിൽ ധാരണയായതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ ഒരു ‘മിനി ട്രേഡ് ഡീൽ’ ഒപ്പുവെക്കുമെന്നാണ് സൂചന. ഈ ധാരണ, ഭാവിയിൽ നടക്കാനിരിക്കുന്ന വിപുലമായ വ്യാപാര ചർച്ചകൾക്ക് വഴിയൊരുക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ധാരണ പ്രകാരം, ഇന്ത്യ-യുഎസ് വ്യാപാരങ്ങളിൽ ശരാശരി 10% താരിഫ് ആയിരിക്കും. നിലവിൽ ട്രംപ് പ്രഖ്യാപിച്ച ഉയർന്ന താരിഫ് നിരക്കുകളുടെ താൽക്കാലിക മരവിപ്പിക്കൽ കാലാവധി ജൂലൈ 9-ന് അവസാനിക്കും. അതിനുശേഷമായിരിക്കും സമഗ്രമായ ഉഭയകക്ഷി വ്യാപാരക്കരാറുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുക.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറയുന്നതനുസരിച്ച്, ഉയർന്ന താരിഫ് നിരക്കുകൾ നിലവിൽ വരുന്ന ജൂലൈ 9-ന് മുൻപ് തന്നെ യുഎസ് വിവിധ രാജ്യങ്ങളുമായി നിരവധി കരാറുകൾ ഒപ്പുവെക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വലിയ കരാറുകൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. അതേസമയം, താരിഫ് നിരക്കുകൾ സംബന്ധിച്ച നടപടികൾ യുഎസിന്റെ പ്രതീക്ഷക്കൊത്ത് മുന്നോട്ട് പോകുന്നില്ലെങ്കിൽ, ഏപ്രിൽ 2-ന് പ്രഖ്യാപിച്ച നിരക്കുകളിലേക്ക് മടങ്ങേണ്ടി വരുമെന്നും ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇതിനുള്ള സമയപരിധിയായി ഓഗസ്റ്റ് 1 ആണ് സ്കോട്ട് ബെസെന്റ് ചൂണ്ടിക്കാണിക്കുന്നത്.
അതിനിടെ, പകരച്ചുങ്കത്തിൽ യുഎസിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള 12 രാജ്യങ്ങൾക്കുള്ള കത്തുകൾ തയ്യാറായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ അവർ നേരിടേണ്ടി വരുന്ന താരിഫ് നിരക്കുകൾ വിശദീകരിക്കുന്ന കത്തുകൾക്കാണ് അന്തിമ രൂപമായതെന്നാണ് ട്രംപിന്റെ പ്രതികരണം. എന്നാൽ, ഏതൊക്കെ രാജ്യങ്ങൾക്കുള്ള കത്തുകളാണിവ എന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
India-US trade talks reach agreement; ‘mini trade deal’ likely to be signed soon