എയർ ന്യൂസിലൻഡ് സി.ഇ.ഒ. ആയി ഇന്ത്യൻ വംശജൻ നിഖിൽ രവിശങ്കർ

എയർ ന്യൂസിലൻഡ് സി.ഇ.ഒ. ആയി ഇന്ത്യൻ വംശജൻ നിഖിൽ രവിശങ്കർ

വെല്ലിംഗ്ടൺ: ഇന്ത്യൻ വംശജനായ നിഖിൽ രവിശങ്കറിനെ എയർ ന്യൂസിലൻഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ.) നിയമിച്ചു. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായ രവിശങ്കർ ഒക്ടോബർ 20-ന് ഗ്രെഗ് ഫോറനിൽ നിന്ന് ചുമതലയേറ്റെടുക്കും. എയർ ന്യൂസിലൻഡ് സി.ഇ.ഒ. സ്ഥാനത്ത് നിന്ന് ഫോറൻ ഒഴിഞ്ഞുപോകുമെന്ന് കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.

എയർലൈനിന്റെ വെബ്സൈറ്റിലൂടെയാണ് പുതിയ സി.ഇ.ഒ.യെ പ്രഖ്യാപിച്ചത്. ഈ സ്ഥാനലബ്ധിയിൽ സന്തോഷമുണ്ടെന്നും എയർ ന്യൂസിലൻഡിനെ നയിക്കാൻ അവസരം ലഭിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്നും നിഖിൽ രവിശങ്കർ പ്രതികരിച്ചു.

ഏകദേശം അഞ്ച് വർഷത്തോളമായി എയർലൈൻ രംഗത്ത് പ്രവർത്തിക്കുന്ന രവിശങ്കർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ന്യൂസിലൻഡ് എയർലൈൻസിന്റെ സി.ഇ.ഒ. പദവിയിലേക്ക് എത്തുന്നത്.

എയർ ന്യൂസിലൻഡ് ശക്തമായ പാരമ്പര്യമുള്ളതും മികച്ച ഭാവിയുള്ളതുമായ ഒരു സ്ഥാപനമാണെന്ന് രവിശങ്കർ പറഞ്ഞു. “സി.ഇ.ഒ. റോളിലേക്ക് എത്തുന്നതോടെ ജനങ്ങൾക്കും ഉപഭോക്താക്കൾക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയുള്ള പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. എയർലൈൻ രംഗം ഏറെ സങ്കീർണ്ണമാണ്, നമ്മൾ എടുക്കുന്ന ഓരോ തീരുമാനത്തെയും സുരക്ഷയാണ് അടിസ്ഥാനമാക്കുന്നത്. ന്യൂസിലൻഡ് ലോകത്തിലെ ഏറ്റവും നൂതനമായ രാജ്യങ്ങളിലൊന്നാണ്. സന്ദർശിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നുമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം,” അദ്ദേഹം കൂട്ടിച്ചേർത്തു.

എയർ ന്യൂസിലൻഡിന്റെ ഈ അടുത്ത ഘട്ടം രൂപപ്പെടുത്താൻ സഹായിക്കുന്നതിൽ താൻ ആവേശത്തിലാണെന്നും പുതിയ പദവിയിൽ രാജ്യത്തെ മികച്ച ചില വ്യക്തികളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്നും നിഖിൽ രവിശങ്കർ വ്യക്തമാക്കി. ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, പൈലറ്റുമാർ മുതൽ ഗ്രൗണ്ട് സ്റ്റാഫുകൾ, കോർപ്പറേറ്റ്, ഡിജിറ്റൽ ടീമുകൾ വരെ നീളുന്നതാണ് ഈ സംഘമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു നിർണായക നിമിഷമാണെന്ന് എയർ ന്യൂസിലൻഡ് ബോർഡ് ചെയർ ഡാം തെരേസ് വാൽഷ് അഭിപ്രായപ്പെട്ടു.

നിഖിൽ രവിശങ്കർ

ഓക്ക്ലൻഡ് സർവ്വകലാശാലയിൽ നിന്ന് സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് (ഓണേഴ്സ്) എന്നിവയിൽ ബിരുദം നേടിയ നിഖിൽ രവിശങ്കർ, സർവ്വകലാശാലയുടെ സ്ട്രാറ്റജിക് സി.ഐ.ഒ. പ്രോഗ്രാമിന്റെ ഉപദേഷ്ടാവും മെന്ററുമാണ്. ന്യൂസിലാൻഡ് ഏഷ്യൻ ലീഡേഴ്സിന്റെ ബോർഡിൽ ഓക്ക്ലൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി (എ.യു.ടി.) എ.യു.ടി.ഇ.യു.ആർ. ഇൻഫ്ലുവൻസർ നെറ്റ്‌വർക്കിലെ അംഗവും ഓക്ക്ലൻഡ് ബ്ലൂസ് ഫൗണ്ടേഷന്റെ ഉപദേശക സമിതി അംഗവുമാണ് അദ്ദേഹം.

എയർ ന്യൂസിലൻഡിന്റെ ഭാഗമാകുന്നതിന് മുൻപ് നിഖിൽ, വെക്ടർ ന്യൂസിലൻഡിൽ ചീഫ് ഡിജിറ്റൽ ഓഫീസറായിരുന്നു. 2017 മുതൽ കമ്പനിയുടെ ഡിജിറ്റൽ, ഇൻഫർമേഷൻ ടെക്നോളജി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഇതിന് മുൻപ് ഹോങ്കോങ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ആക്സെഞ്ചറിൽ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ടെലികോം ന്യൂസിലൻഡിൽ (സ്പാർക്ക്) ടെക്നോളജി സ്ട്രാറ്റജി മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Indian-origin Nikhil Ravi Shankar appointed as Air New Zealand CEO

Share Email
LATEST
Top