അഡ്‌ലെയ്ഡ് (ഓസ്ട്രേലിയ): ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു വംശീയതയുടെ പേരില്‍ ക്രൂര ആക്രമണം. പഞ്ചാബ് സ്വദേശിയായ ചരണ്‍പ്രീത് സിംഗ് (23) ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ 19-നു രാത്രി അഡ്‌ലെയ്ഡിലെ കിന്റോര്‍ അവന്യൂവിനു സമീപമാണ് ആക്രമണം ഉണ്ടായത്.
ലൈറ്റ് ഡിസ്പ്ലേ കാണാന്‍ ഭാര്യയോടൊപ്പം എത്തിയ ചരണ്‍പ്രീത് കാര്‍ പാര്‍ക്ക് ചെയ്തതിനു പിന്നാലെ അഞ്ചംഗ സംഘം തങ്ങളുടെ വാഹനത്തില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം തുടങ്ങുകയായിരുന്നെന്നുവെന്നു ദൃസാക്ക്ഷികള്‍ വ്യക്തമാക്കുന്നു.
ഇരുമ്പു ദണ്ഡു പോലുള്ള വസ്തു വെച്ചുള്ള ആക്രമണത്തില്‍ ചരണ്‍പ്രീതിന്റെ തലച്ചോറിന് ക്ഷതമേറ്റു. മുഖത്തും ഗുരുതര പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചരണ്‍പ്രീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലച്ചോറില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
‘ഓഫ് ഇന്ത്യ’ എന്നു പറഞ്ഞാണ് ആക്രമികള്‍ ചരണ്‍പ്രീതിനു നേര്‍ക്കു വന്നത്. ആക്രമണത്തില്‍ അഡ്‌ലെയ്ഡിലെ ഇന്ത്യന്‍ സമൂഹം ഏറെ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തില്‍ 20 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നാലുപേരെ കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തെ കുറിച്ച് പ്രതികരിച്ച ദക്ഷിണ ഓസ്ട്രേലിയന്‍ പ്രീമിയര്‍ പീറ്റര്‍ മലിനോസ്‌കസ്, വംശീയ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കപ്പെടാന്‍ കഴിയില്ലെന്നും ശക്തമായ നടപടി ഉണ്ടാവുമെന്നും വ്യക്തമാക്കി
Indian student attacked in Australia; student undergoes emergency surgery with brain injury