ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കണമെന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് ഇന്ത്യൻ സുപ്രീംകോടതി. ബലാത്സംഗക്കേസിലെ പ്രതി മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് നടന്ന ഒരു ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരയുടെ വാദം കേൾക്കാതെ പ്രതി വിചാരണ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത് എന്ന കണ്ടെത്തലിനെ തുടർന്ന് ഇയാളുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
ഇതിനെതിരെ ഇയാൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും സുപ്രധാന വിധി വന്നിരിക്കുന്നത്. ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കണമെന്നാണ് കോടതി അടിവരയിട്ട് പറഞ്ഞത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതായിരുന്നു ഉത്തരവ്.
ബലാത്സംഗക്കേസുകളില്‍ അതിജീവിതയുടെ വാദം കേൾക്കാതെ പ്രതികള്‍ക്ക് മുൻകൂർ ജാമ്യം നൽകരുത്; സുപ്രധാന ഉത്തരവുമായി ഇന്ത്യൻ സുപ്രീംകോടതി
July 15, 2025 9:11 pm
