ടെഹ്‌റാന്‍: ഇറാനിയന്‍ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അമേരിക്കന്‍ യുദ്ധക്കപ്പലിനെ തടഞ്ഞതായി ഇറാന്‍. ഒമാന്‍ ഉള്‍ക്കടലിലാണ് സംഭവം.
ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ തടഞ്ഞതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നറിയപ്പെടുന്ന യുഎസ് നാവികസേനയുടെ കപ്പലിനെ നേരിടാന്‍ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ പത്തോടെയാണ് ഇറാന്‍ സൈന്യം ഹെലികോപ്റ്റര്‍ അയച്ചത്. ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്.
യുഎസ് കപ്പലിന് മുകളിലൂടെ പറന്ന ഹെലികോപ്റ്റര്‍, സമുദ്രാതിര്‍ത്തി കടക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെ പ്രദേശം വിട്ടുപോയില്ലെങ്കില്‍ ഇറാനിയന്‍ വിമാനങ്ങളെ ലക്ഷ്യമിടുമെന്ന് യുഎസ് യുദ്ധക്കപ്പല്‍ ഭീഷണിപ്പെടുത്തി. ഇതിനു മറുപടിയായി, സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പൂര്‍ണ സംരക്ഷണത്തിലാണ് ഹെലികോപ്റ്റര്‍ എന്ന് ഇറാന്‍ വ്യക്തമാക്കി.
പിന്നാലെ യുഎസ് യുദ്ധക്കപ്പല്‍ തെക്കോട്ട് പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് യുദ്ധക്കപ്പല്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയോട് എത്രത്തോളം അടുത്തായിരുന്നെന്ന് വ്യക്തമാക്കിയിട്ടില്ല.
Iran says it intercepted a US warship that tried to enter Iranian territorial waters