ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഭീഷണിയുമായി ഇറാൻ. ഫ്ലോറിഡയിലെ ആഢംബര വസതിയായ ‘മാർ എ ലാഗോ’യിൽ ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി മുന്നറിയിപ്പ് നൽകി. സൂര്യപ്രകാശമേറ്റ് വിശ്രമിക്കുമ്പോൾ ഒരു ചെറിയ ഡ്രോൺ ട്രംപിന്റെ പൊക്കിളിൽ ഇടിച്ചിറങ്ങിയേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
ഇറാനിയൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ജവാദ് ലാരിജാനി ഈ പ്രസ്താവന നടത്തിയത്. “ട്രംപ് ചെയ്ത ഒരു കാര്യം കാരണം ഇനി ‘മാർ എ ലാഗോ’യിൽ സമാധാനപരമായി സൂര്യപ്രകാശമേറ്റ് കിടക്കാൻ കഴിയില്ല. സൂര്യന് നേരെ വയറുന്തിക്കിടക്കുമ്പോൾ ഒരു ചെറു ഡ്രോൺ അദ്ദേഹത്തിന്റെ പൊക്കിളിൽ വന്നിടിച്ചേക്കാം. ഇത് വളരെ ലളിതമാണ്,” ലാരിജാനി പറഞ്ഞു.
അയത്തുള്ള അലി ഖമേനിയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ പ്രതികാരം പ്രഖ്യാപിച്ചുകൊണ്ട് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം അടുത്തിടെ രംഗത്തുവന്നിരുന്നു. പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി ധനസമാഹരണം നടത്തിയ ഈ സംഘം ഇതുവരെ 40 ദശലക്ഷം ഡോളറിലധികം ശേഖരിച്ചതായാണ് റിപ്പോർട്ട്. 100 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. “അലി ഖമേനിയുടെ ജീവന് ഭീഷണി ഉയർത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയുന്ന ഏതൊരാൾക്കും ഞങ്ങൾ ഈ സമ്മാനം നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു,” എന്നാണ് വെബ്സൈറ്റിലെ സന്ദേശം.
നേരത്തെ, ഇറാനിലെ ഷിയാ പുരോഹിതർ ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇവരെ ‘ദൈവത്തിന്റെ ശത്രുക്കൾ’ എന്ന് വിശേഷിപ്പിച്ച ഫത്വയിൽ, ഇവർക്കെതിരെ ആഗോളതലത്തിൽ മുസ്ലീങ്ങൾ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഇടപെട്ടിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടർന്ന് ഇറാൻ അമേരിക്കക്കെതിരെ തിരിയുകയും ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈലാക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കയുടെ ഇടപെടലിൽ 12 ദിവസം നീണ്ട സംഘർഷത്തിന് അയവ് വരുകയായിരുന്നു.
Iran’s threat to President Trump: ‘Drone might crash into his navel’