ടെഹ്‌റാൻ: ജൂൺ 16-ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നതായി റിപ്പോർട്ട്. ഇറാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടെഹ്‌റാന്റെ പടിഞ്ഞാറൻ മേഖലയിലായിരുന്നു ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് പെസെഷ്‌കിയാന്റെ കാലിന് പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ യോഗം നടക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.
പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ് തുടങ്ങിയവരും പെസെഷ്‌കിയാനോടൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു. ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പെസെഷ്‌കിയാനൊപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പെസെഷ്‌കിയാനുണ്ടായിരുന്ന കെട്ടിടം ലക്ഷ്യം വെച്ച് ആറ് മിസൈലുകളായിരുന്നു ഇസ്രായേൽ സൈന്യം തൊടുത്തത്. കെട്ടിടത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി രഹസ്യ പാത മുൻകൂട്ടി തയ്യാറാക്കിയിരുന്നതായും അതിലൂടെയാണ് പ്രസിഡന്റും മറ്റുള്ളവരും രക്ഷപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. തന്നെ കൊല്ലാൻ ഇസ്രായേൽ ശ്രമിച്ചെന്ന് പെസെഷ്‌കിയാൻ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
Iran’s President Injured in Israeli Airstrike; Iranian Media Confirms