മിഥുന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ദുഃഖകരം: മന്ത്രി വി ശിവൻകുട്ടി

മിഥുന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ദുഃഖകരം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സന്ദർശിക്കാൻ പോയ ജനപ്രതിനിധികളെ തടയുക, മിഥുന്റെ വീട്ടിലേയ്ക്ക് പോയ മന്ത്രിമാർ അടക്കമുള്ളവർക്കെതിരെ കരിങ്കൊടി കാണിക്കുക തുടങ്ങിയവയൊക്കെ തീർത്തും അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ മിഥുന്റെ കുടുംബത്തോട് ഒപ്പമാണെന്ന കാര്യം മന്ത്രി ആവർത്തിച്ചു പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മിഥുന് വീട് നിർമ്മിച്ചു നൽകുമെന്നും സർക്കാരിന്റെ വിവിധ വകുപ്പുകൾ മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മിഥുന്റെ സഹോദരന് പരീക്ഷാ ഫീസ് അടക്കം ഇളവ് നൽകി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പൊതു വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം മിഥുൻ്റെ സംസ്കാര ചടങ്ങുകൾ അൽപ്പം മുൻപ് പൂർത്തിയായി. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ. അനിയൻ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.  സ്കൂളിലും പിന്നീട് വിലാപയാത്രയിലും തങ്ങളുടെ പ്രിയപ്പെട്ട മിഥുനെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനാവലിയാണ് ഉണ്ടായിരുന്നത്.

വിദേശത്ത് നിന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ അമ്മ സുജ, ഉച്ചയോടെയാണ് വീട്ടിലെത്തിയത്. തൻ്റെ മകൻ്റെ ചേതനയറ്റ ശരീരംകണ്ട് അലമുറയിട്ടുകരഞ്ഞ സുജയെ കണ്ടപ്പോൾ ചുറ്റുമുണ്ടായിരുന്നവർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. അമ്മ സുജയും അച്ഛൻ മനുവും മിഥുന് അന്ത്യചുംബനം നൽകിയതോടെ ഏവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.പതിനേഴാം തീയതിയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ ഗ്രൌണ്ടിന് സമീപമുള്ള സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുകളിലൂടെ കടന്നുപോയ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്.

Share Email
Top