സാമ്പത്തിക തർക്കം: വ്യാപാരി പെട്രോളൊഴിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

സാമ്പത്തിക തർക്കം: വ്യാപാരി പെട്രോളൊഴിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം: പാലാ രാമപുരത്ത് വ്യാപാരി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ.പി. അശോകനാണ് (54) മരിച്ചത്. രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന തുളസീദാസ് എന്നയാളാണ് അശോകനെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

തുളസീദാസിന്റെ ആക്രമണത്തിൽ 85 ശതമാനം പൊള്ളലേറ്റ അശോകനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 10.30-നാണ് രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന പ്രതി തുളസീദാസ് അശോകനെ ആക്രമിച്ചത്.

അശോകന്റെ കെട്ടിടത്തിൽ സിമന്റ് വ്യാപാര സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് തുളസീദാസ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ശനിയാഴ്ച രാവിലെ പെട്രോളുമായി ജ്വല്ലറിയിൽ എത്തിയ തുളസീദാസ് അശോകനെ പെട്രോളൊഴിച്ച് തീ വെക്കുകയായിരുന്നു. അശോകനെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് രാമപുരം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. നിലവിൽ വധശ്രമക്കേസിൽ അറസ്റ്റിലായിട്ടുള്ള തുളസീദാസ് റിമാൻഡിലാണ്.

Financial Dispute: Jeweller Dies After Merchant Sets Him on Fire with Petrol

Share Email
Top