റാവൽ പിണ്ടി: കനത്ത മഴയിൽ കഴുത്തോളം കുത്തി ഒഴുകുന്ന വെള്ളത്തിൽ നിന്ന് കൊണ്ട് റിപ്പോര്‍ട്ടിംഗ് ചെയ്യുന്നതിനിടെ പാക്ക് മാധ്യമ പ്രവര്‍ത്തകന്‍ ഒലിച്ച് പോയി. പാകിസ്താനിലെ റാവൽപിണ്ടിയിൽ ചഹാൻ അണക്കെട്ടിന് സമീപം ലൈവ് സംപ്രേക്ഷണം നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിംഗിനിടെ ഒലിച്ച് പോയത്.
പാകിസ്താനിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ്. ഈ ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് സാഹസികമായി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടയത്. അലി റാസ ഒലിച്ച് പോയതിന് തൊട്ട് മുമ്പ് ചെയ്ത റിപ്പോര്‍ട്ടിന്‍റെ വീഡിയോ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിൽ പ്രചരിക്കുകയാണ്.
അലി മൂസ റാസ ഒരു സുരക്ഷയുമില്ലാതെ അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കഴുത്തറ്റം ഇറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് വീഡിയോയില്‍ കാണാം. കൈയില്‍ ഉയർത്തി പിടിച്ചിരിക്കുന്ന മൈക്കും അലി മൂസ റാസയുടെ തലയും മാത്രമാണ് പുറത്ത് ദൃശ്യമായിട്ടുള്ളത്. ഇതിനിടെ ജലപ്രവാഹത്തിന്റെ ശക്തി കൂടുകയും ജലനിരപ്പ് ഉയരുകയും അലി മൂസയുടെ നില തെറ്റി അദ്ദേഹം ശക്തമായ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
പാകിസ്ഥാനിൽ കനത്ത മഴ തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു.