തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ വ്‌ളോഗർ ജ്യോതി മൽഹോത്ര, കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായി. ജ്യോതി മൽഹോത്രയുടെ വ്‌ളോഗിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം വ്യക്തമായതോടെയാണ് പാർട്ടിക്ക് ഇത് തിരിച്ചടിയായത്.
കേരളം തീവ്രവാദികൾക്ക് സുരക്ഷിത ഇടമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ജ്യോതി മൽഹോത്രയെ കേരള സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചത് ഒരു രാഷ്ട്രീയ ആയുധമാക്കി ദേശീയ തലത്തിൽ ചർച്ചയാക്കി കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിൽ അവർ പങ്കെടുത്ത വീഡിയോ പുറത്തുവന്നത്.
2023 ഏപ്രിൽ 25-നായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്ര നടന്നത്. കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന്റെ അകത്തും പുറത്തുനിന്നുമായി ജ്യോതി മൽഹോത്ര ചിത്രീകരിച്ച വീഡിയോയിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരൻ, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, റെയിൽവേ അഡ്വൈസറി കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യം വ്യക്തമായത്. വിവിധ സ്റ്റേഷനുകളിൽ വന്ദേഭാരത് ട്രെയിനിന് ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണവും വി. മുരളീധരൻ അടക്കമുള്ളവരെ പ്രവർത്തകർ ഷാൾ അണിയിക്കുന്നതും ജ്യോതിയുടെ വീഡിയോയിലുണ്ട്. വന്ദേഭാരതിനെക്കുറിച്ചുള്ള വി. മുരളീധരന്റെ ദീർഘമായ പ്രതികരണവും ജ്യോതിയുടെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. മുരളീധരനൊപ്പം അടുത്തിരുന്ന് യാത്ര ചെയ്യുന്ന കെ. സുരേന്ദ്രന്റെ ദൃശ്യങ്ങളും ഈ വീഡിയോയിലുണ്ട്.
ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനും ടൂറിസം വകുപ്പിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കെ. സുരേന്ദ്രൻ അടക്കമുള്ളവർക്ക് ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കാര്യങ്ങൾ കുഴപ്പത്തിലായിരിക്കുകയാണ്.
ചാരവൃത്തിക്ക് ജ്യോതി മൽഹോത്ര അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷം ഇവരെ കേരളത്തിലേക്ക് ക്ഷണിച്ചത് കേരള സർക്കാരും ടൂറിസം വകുപ്പുമാണെന്ന് ആദ്യം ആരോപിച്ചത് കെ. സുരേന്ദ്രനായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ജ്യോതി മൽഹോത്രയെ സർക്കാർ ഔദ്യോഗികമായി കേരളത്തിലേക്ക് ക്ഷണിച്ചതാണെന്ന് വിവരാവകാശ രേഖകൾ പുറത്തുവന്നതിനു പിന്നാലെ താൻ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി സുരേന്ദ്രൻ സർക്കാരിനും ടൂറിസം വകുപ്പിനുമെതിരെ വിമർശനം ആവർത്തിച്ചിരുന്നു.
ഈ വിഷയം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ, വ്‌ളോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും അവർ പാകിസ്താനുവേണ്ടി ചാരപ്രവർത്തനം നടത്തിയിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
ജ്യോതി മൽഹോത്ര താൻ ക്ഷണിച്ചിട്ടല്ല വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതെന്ന് ബിജെപി നേതാവ് വി മുരളീധരൻ. സംസ്ഥാന സർക്കാരിന് രക്ഷപ്പെടാനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ ചാരക്കേസിൽ അറസ്റ്റിലായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ വലിയ രീതിയിൽ ചർച്ച ഉയരുകയാണ്. ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചാരപ്രവർത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവർ ഇവിടെ വരുമ്പോൾ ചാരപ്രവർത്തകയാണെന്ന് ആർക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Jyoti Malhotra’s presence at Vande Bharat inauguration; BJP on the defensive