പ്രശസ്ത സിനിമാ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കർണാടക  ഹൈക്കോടതി റദ്ദാക്കി

പ്രശസ്ത സിനിമാ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കർണാടക  ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: പ്രശസ്ത സിനിമാ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് കേസ് റദ്ദാക്കി ഉത്തരവിട്ടത്.

സംഭവം നടന്നുവെന്ന് പറയപ്പെടുന്ന താജ് ഹോട്ടൽ 2016-ലാണ് പ്രവർത്തനം ആരംഭിച്ചതെന്നും, അതുകൊണ്ടുതന്നെ പരാതി കെട്ടിച്ചമച്ചതാണെന്നും രഞ്ജിത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് ഫയൽ ചെയ്യാൻ 12 വർഷത്തെ കാലതാമസമുണ്ടായെന്നും, ഈ കാലതാമസത്തിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. മുതിർന്ന അഭിഭാഷകൻ പ്രഭുലിംഗ് നവദ്ഗിയാണ് രഞ്ജിത്തിനായി ഹാജരായത്.

കേസിന്റെ നാൾവഴി

2012-ൽ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. താജ് ഹോട്ടലിന്റെ നാലാം നിലയിലാണ് സംഭവം നടന്നതെന്നാണ് പരാതിക്കാരന്റെ മൊഴി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377, സ്വകാര്യത ലംഘിക്കുന്നതിനുള്ള ഐടി ആക്ട് എന്നിവ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്.

പരാതിയുടെ വിശദാംശങ്ങൾ

2012-ൽ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അഭിനേതാക്കളെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്ന് പരാതിക്കാരനായ യുവാവ് വെളിപ്പെടുത്തിയിരുന്നു. അന്ന് പ്ലസ് ടു വിദ്യാർത്ഥിയായിരുന്നെന്നും, ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാൻ ആവശ്യപ്പെടുകയും അവിടെവെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് ആരോപിച്ചത്. അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ അവർ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ഒരു ബംഗാളി നടി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടി വന്നിരുന്നു.

Karnataka High Court quashes sexual harassment case against famous film director Ranjith

Share Email
LATEST
Top