സംസ്ഥാന സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് ഇരുവരും തമ്മിലുള്ള കൂട്ടിക്കാഴ്ച്ച നടക്കുക. കേരള സർവകലാശായിലെ പ്രതിസന്ധിയടക്കം ഇരുവരും ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.
കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം അടുത്തിടെ കടുത്തിരുന്നു. ഈ തരത്തിൽ മുന്നോട്ട് പോയാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന സർക്കാരിൻ്റെ കണക്കുകൂട്ടലിന് പിന്നാലെയാണ് മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കാണുന്നത്.
കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ തള്ളിയതിന് പിന്നാലെ താൽക്കാലിക വിസിമാരുടെ പുതിയ പട്ടിക സർക്കാർ നൽകിയിരുന്നു. കൂടിക്കാഴ്ചക്ക് മുൻപോ, അതിനുശേഷമോ, വിസി മാരുടെ നിയമനം ഗവർണർ നടത്തിയേക്കും. മാത്രമല്ല, സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ഇന്ന് ചർച്ചയാകുമെന്നാണ് സൂചന.
മഞ്ഞുരുകുമോ? മുഖ്യമന്ത്രി- ഗവർണർ നിർണായക കൂടിക്കാഴ്ച ഇന്ന്
July 20, 2025 9:53 am
