തകരുന്ന കേരളം: തകർന്നടിഞ്ഞ വിദ്യാഭ്യാസവും താളംതെറ്റിയ ആരോഗ്യമേഖലയും

തകരുന്ന കേരളം: തകർന്നടിഞ്ഞ വിദ്യാഭ്യാസവും താളംതെറ്റിയ ആരോഗ്യമേഖലയും

ജെയിംസ് കൂടൽ 

ഒരുകാലത്ത് ആരോഗ്യത്തിലും ഉന്നതവിദ്യാഭ്യാസത്തിലും രാജ്യത്ത് മുൻപന്തിയിലാണെന്ന് അവകാശപ്പെട്ടിരുന്ന കേരളം ഇന്ന് ഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ട് മേഖലകളും ഗുരുതരമായ പ്രതിസന്ധി നേരിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖല പൂർണ്ണമായും താളംതെറ്റിയിരിക്കുന്നു. ആരോഗ്യ മേഖലയാകട്ടെ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ സംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയിലാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ

കേരള സർവകലാശാലയിൽ ഭാരതാംബ വിവാദത്തെത്തുടർന്നുണ്ടായ ഭരണപ്രതിസന്ധി ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു ഉദാഹരണമാണ്. വിദ്യാർത്ഥികളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വിവാദത്തിന്റെ പേരിൽ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനം ആക്രമിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. നൂറുകണക്കിന് ആളുകൾ വിദ്യാർത്ഥികളെന്ന പേരിൽ സർവകലാശാലയിലേക്ക് ഇരച്ചുകയറിയപ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നു.

സമരം ചെയ്തവരെല്ലാം വിദ്യാർത്ഥികളല്ലെന്ന് വൈസ് ചാൻസലർ പറഞ്ഞതിൽ വാസ്തവമുണ്ട്. ഡിഗ്രി കോഴ്സുകളിൽ പ്രവേശിച്ച് എസ്.എഫ്.ഐക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും, മൂന്നാം വർഷം പാസ്സാകാതെ മറ്റൊരു ഡിഗ്രി കോഴ്സിന് ചേരുന്നവരുമുണ്ട്. ഇങ്ങനെ രണ്ടും മൂന്നും തവണ അഡ്മിഷനെടുത്ത് സംഘടനാ പ്രവർത്തനവും ഗുണ്ടായിസവും നടത്തുന്നവരെ വിദ്യാർത്ഥികളെന്ന് വിളിക്കാൻ സാധിക്കുമോ?

ഇതിന്റെയെല്ലാം പ്രതിഫലനം കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ പ്രകടമാണ്. എൻജിനീയറിങ്, എം.ബി.ബി.എസ്. കോഴ്സുകൾക്ക് വിദ്യാർത്ഥികൾ കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമാണ് പ്രവേശനം തേടുന്നത്. സയൻസ് ബാച്ചുകളിൽ മിക്ക കോളേജുകളിലും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം റാങ്കിംഗിൽ അവസാന നിമിഷം സർക്കാർ പ്രോസ്പെക്ടസ് പരിഷ്കരിച്ചത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കി. കേരളത്തിലെ കാമ്പസുകളിൽ നടക്കുന്ന അക്രമങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും ഒരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതും വിദ്യാർത്ഥികളെ ഇവിടെ നിന്ന് അകറ്റുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.

ആരോഗ്യ മേഖലയിലെ തകർച്ച

സംസ്ഥാനത്തിന്റെ ആരോഗ്യരംഗം ദേശീയ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിന്ന് ഈ വർഷം നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുന്നു. “ആരോഗ്യ കേരളം നമ്പർ വൺ”, “ലോകം മാതൃകയാക്കുന്നു” എന്നൊക്കെയുള്ള അവകാശവാദങ്ങൾ വെറും പൊള്ളയാണെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. ആവശ്യത്തിന് ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രോഗികളെ ചികിത്സ നൽകാതെ പറഞ്ഞുവിടുന്നുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. വർഷങ്ങളായി ആരോഗ്യ വകുപ്പിന്റെ ഓഫീസുകളിൽ കയറിയിറങ്ങി നിരാശനായ ശേഷമാണ് അദ്ദേഹം ഇങ്ങനെയൊരു തുറന്നുപറച്ചിൽ നടത്തിയത്.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ ബന്ധു മരിച്ചതും മറ്റ് പല സർക്കാർ ആശുപത്രികളുടെയും ദുരവസ്ഥ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതും ഈ മേഖലയിലെ കെടുകാര്യസ്ഥിതിയുടെ നേർക്കാഴ്ചകളാണ്. മെഡിക്കൽ കോളേജുകളിലും ജനറൽ, താലൂക്ക് ആശുപത്രികളിലും രോഗികൾക്ക് ആവശ്യമായ കിടത്തിച്ചികിത്സ നിഷേധിക്കപ്പെടുന്നു എന്നത് ഗുരുതരമായ കാര്യമാണ്. പിത്താശയ കല്ല് മൂലം വലിയ ശാരീരിക അസ്വസ്ഥതകളുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടിയ അറുപത് വയസ്സുകാരിയായ വീട്ടമ്മയ്ക്ക് കിടത്തിച്ചികിത്സ നിഷേധിക്കപ്പെട്ടു. അർബുദ രോഗിയായ അവർക്ക് എഴുന്നേറ്റിരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിട്ടെങ്കിലും അവിടെയും പ്രവേശിപ്പിച്ചില്ല. ഒടുവിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് അയച്ചപ്പോഴും കിടത്തിച്ചികിത്സാ സൗകര്യം ഇല്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആ വീട്ടമ്മയ്ക്ക് ഒടുവിൽ പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വലിയ ചിലവിൽ ചികിത്സ തേടേണ്ടി വന്നു.

പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചിട്ടാണോ “ആരോഗ്യ കേരളം നമ്പർ വൺ” എന്ന് സർക്കാർ അവകാശപ്പെടുന്നത്? സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകേണ്ടിവന്നത് കേരളത്തിലെ ആരോഗ്യരംഗത്തെ സൗകര്യങ്ങളുടെ പോരായ്മയിലേക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിൽ എത്രയോ നല്ല ആശുപത്രികൾ ഉണ്ടായിട്ടും, നാട് ഭരിക്കുന്ന മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്നത് സാധാരണ ജനങ്ങൾക്ക് ഇനിയും മനസ്സിലായിട്ടില്ല.

ഉത്തരവാദിത്തം ആർക്ക്?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ആരോഗ്യ മേഖലയും ഇങ്ങനെ അധഃപതിച്ചതിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദി. “എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണ്” എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറയുന്നു. സിസ്റ്റം ശരിയാക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിമാർ വൻ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ ഈ വാക്കുകൾ.

Kerala: Collapsed education and a dysfunctional health sector

Share Email
Top