കേരളാ ക്രിക്കറ്റ് ലീഗ് താര ലേലം തുടങ്ങി: വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം  സ്വന്തമാക്കി

കേരളാ ക്രിക്കറ്റ് ലീഗ് താര ലേലം തുടങ്ങി: വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം  സ്വന്തമാക്കി

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് താര ലേലം ആരംഭിച്ചു. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ലേലം നടക്കുന്നത്. വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി.മൂന്നു ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസ് താരമായിരുന്നു.ആദ്യമായി ലേലത്തിനു വെച്ച കേരളത്തിന്റെ അതിഥി താരം ജലജ് സക്സേനയെ12.40 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസ് സ്വന്തമാക്കി മൂന്നു ലക്ഷം രൂപയായിരുന്നു അടിസ്ഥാന വിലവിനോദ് കുമാറിനെ 6.20 ലക്ഷത്തിന് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി.

അജിനാസിനെ 6.40 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി.ലേലനടപടികൾ സ്റ്റാ‍ർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തല്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎൽ – രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം സീസൻ്റെ പ്രധാന പ്രത്യേകത.

 ഐപിഎൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ്മയാണ് ലേല നടപടികൾക്ക് നേതൃത്വം നൽകുന്നത്. എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ്  ലേലം. ബിസിസിഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒന്നര ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണ്ണമെൻ്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമാണ് അടിസ്ഥാന തുക. 

ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമിൽ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിൻ ബേബിയടക്കം നാല് താരങ്ങളെ നിലനിർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇവർക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 34 ലക്ഷത്തി അൻപതിനായിരം രൂപ മാത്രമാണ് അവ‍ർക്കിനി ചെലവഴിക്കാനാവുക. ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 17 ലക്ഷത്തി 75000 മുടക്കി നാല് താരങ്ങളെയും ട്രിവാൺഡ്രം റോയൽസ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ കൊച്ചിയും തൃശൂരും ആരെയും നിലനിർത്താത്തതിനാൽ മുഴുവൻ തുകയും അവർക്കൊപ്പമുണ്ട്. 

42കാരനായ സീനിയർ താരം കെ ജെ രാകേഷ് മുതൽ 16 വയസ്സുകാരനായ ജൈവിൻ ജാക്സൻ വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്. ഇതിൽ സഞ്ജുവിന് വേണ്ടിത്തന്നെയാകും ഏറ്റവും വാശിയേറിയ മല്സരം നടക്കുക. കഴിഞ്ഞ സീസണിൽ എറണാകുളം സ്വദേശിയായ എം.എസ് അഖിലായിരുന്നു ലേലത്തിലെ ഏറ്റവും വില കൂടിയ താരം. 7.4 ലക്ഷം രൂപക്ക് ട്രിവാന്‍ഡ്രം റോയല്‍സായിരുന്നു അഖിലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ബാറ്റിങ്ങിലും ബൌളിങ്ങിലും മികച്ച പ്രകനം കാഴ്ചവച്ച താരങ്ങൾ ഇത്തവണയും ടീമുകളുടെ നോട്ടപ്പടികയിലുണ്ടാവും. ഒപ്പം അടുത്തിടെ നടന്ന എൻ.എസ്.കെ ട്രോഫിയിലും കെസിഎ പ്രസിഡൻസ് കപ്പിലും തിളങ്ങിയ താരങ്ങൾക്കും സാധ്യതയുണ്ട്.

Kerala cricket league players auction started in tvm

Share Email
LATEST
Top