തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. 20 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കഴക്കൂട്ടത്താണ് സംഭവം. പേട്ട സ്വദേശികളായ എബിൻ (19) അതുൽ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.
പ്രതികൾ ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇരുവരും ഡാൻസാഫ് സംഘത്തിൻ്റെ വലയിലായത്. കഴക്കൂട്ടത്ത് ബസ്സിറങ്ങി ബൈക്കിൽ പേട്ടയിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഡാൻസാഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ എംഡിഎംഎ കടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
എംഡിഎംഎ വിൽപന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളുരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ഇരവരേയും നാളെ കോടതിയിൽ ഹാജരാക്കിയേക്കും.
ENGLISH NEWS SUMMARY: Two man arrested with 20 Gram MDMA from Kazhakkottam, Thiruvananthapuram