തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 178 പേര്‍ ഇതിൽ ഉൾപ്പെടുന്നുണ്ട്.
മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേരാണ് ഐസിയു ചികിത്സയിലുള്ളത്.
മലപ്പുറം ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ് എന്നാണ് വിവരം.
നിപയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ENGLISH NEWS SUMMARY: Kerala Health Minister Veena George said that a total of 675 people in various districts of the state are included in the Nipah contact list