പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ട 57കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടയാളുമായി സമ്പർക്കം പുലർത്തിയ
46 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിപ്പോൾ റൂട്ട് മാപ്പും ഫാമിലി ട്രീയും തയ്യാറാക്കിയിരിക്കുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് 57കാരന് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ കോണ്ടാക്ട് ട്രേസിംഗ് ആരംഭിക്കുകയായിരുന്നു.
പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഫീവര്‍ സര്‍വൈലന്‍സും തുടരുകയാണ്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും എന്നാണ് ലഭിക്കുന്ന വിവരം.
ALSO READ: കണ്ണില്ലാ ക്രൂരത; ബിഹാറിൽ ആറുവയസ്സുകാരനെ അച്ഛൻ ഹോട്ടൽ മുറിയുടെ തറയിലടിച്ച് കൊന്നു
അതേസമയം പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാൻ നിർദേസമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂവെന്നും ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും അടക്കമുള്ള നിർദേശങ്ങൾ ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്..
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 128 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
ENGLISH NEWS SUMMARY: 57-year-old dies of Nipah in Palakkad; Contact list out