തിരുവനന്തപുരം: യെമൻ ജയിലിലുള്ള മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പ്രശംസിച്ച് ശശി തരൂർ എം പി. കാന്തപുരം അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ശശി തരൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിനും ഇടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പ്രശംസിച്ച് വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ളവരും രംഗത്ത് വന്നത്.
ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്തത് യെമനിലെ ചർച്ചകൾ വഴിമുട്ടിയിരുന്നു. ഇതിനിടെ നിമിഷയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന തീരുമാനവും എത്തി. ഇങ്ങനെ എല്ലാ പ്രതീക്ഷയും അവസാനിച്ച് എന്ന് കരുതിയിടത്താണ് കാന്തപുരത്തിന്റെ ശ്രദ്ധേയ ഇടപെടൽ ഉണ്ടായത്.
അറബ് രാഷ്ട്രങ്ങളിൽ വിശാലമായ ബന്ധമുള്ള കാന്തപുരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴിയാണ് ഇടപെടലിന് ശ്രമിച്ചത്.കാന്തപുരവുമായി പതിറ്റാണ്ടുകൾ നീണ്ട സൗഹൃദവും കൂടിയുള്ള ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീൾ ഇടപെട്ടതോടെ ചർച്ചകൾക്ക് വേഗം കൂടി. ആദ്യമായി തലാലിന്റെ കുടുംബം ചർച്ചക്ക് തയാറായതും ഷെയ്ഖ് ഹബീബിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ്. ഇതിനിടെയാണ് വധശിക്ഷ നീട്ടിവയ്ക്കാനുള്ള തീരുമാനം വന്നത്. ഇതിന്റെ രേഖകൾ കാന്തപുരം തന്നെ പുറത്ത് വിടുകയും ചെയ്തിരുന്നു.
കേരളത്തിൽ പലപ്പോഴും വിവാദങ്ങളിൽ ഉയർന്നു വന്നിരുന്ന പേര് ഇന്ന് അഭിനന്ദന പ്രവാഹത്തിലും നന്ദിപ്രകടനങ്ങളിലും നിറഞ്ഞുനിൽക്കുന്നു. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ, ഇളവ് ചെയ്യാൻ നടത്തിയ ശ്രമമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ 1989 ൽ നടന്ന പിളർപ്പോടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന നേതാവ് സംഘടനയ്ക്ക് പുറത്ത്, അറിയപ്പെട്ടു തുടങ്ങിയത്. മുസ്ലിം ലീഗും സമസ്തയുമായി നിലനിന്നിരുന്ന ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളുടെ ഭാഗമായിരുന്നു പിളർപ്പ്. സമസ്തയുടെ ഔദ്യോഗിക നേതൃത്വം മുസ്ലിം ലീഗിന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം ഉയർന്നു. അന്ന് സുന്നി യുവജനസംഘം ( എസ് വൈ എസ്) ജോയിന്റ് സെക്രട്ടറിയായ കാന്തപുരം ആയിരുന്നു ലീഗ് ബന്ധത്തെ എതിർക്കുന്നതിലെ കുന്തമുന. സമസ്ത പണ്ഡിതരുടെ സംഘടനയാണെന്നും അവർ ഭരണകർത്താക്കൾക്ക് കീഴിലല്ല നിൽക്കേണ്ടതെന്നും ( ഉലമകേന്ദ്രീകൃതമാകണം സംഘടനയെന്നും ഉമറ കേന്ദ്രീകൃതമാകരുതെന്നും ഉള്ള നിലപാട്) അവർ ഉറച്ചു നിന്നു. ഈ തർക്കത്തെ തുടർന്ന് 1989 ൽ സംഘടനയിൽ ഭിന്നിപ്പുണ്ടായി. അന്ന് സമസ്തയുടെ മുശാവറയിൽ നിന്ന് ആറ് പേർ പുറത്തുവന്ന് പ്രവർത്തനമാരംഭിച്ചു. ആറ് പേരെ പുറത്താക്കയതായി ഔദ്യോഗിക വിഭാഗവും നിലപാടെടുത്തു.
ലീഗിനോട് കലഹിച്ചു പുറത്തുവന്ന സമസ്തയോട്, സി പി എം അനുകൂല നിലപാട് സ്വീകരിച്ചു. 1987ൽ മതപരമായി ബന്ധമുള്ള എല്ലാ കക്ഷികളെയും ഒഴിവാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച സി പി എമ്മും എൽ ഡി എഫുമായിരുന്നു ഈ സമയത്ത് കേരളത്തിൽ ഭരണത്തിലുണ്ടായിരുന്നത്. സമസ്തയിലെ പിളർപ്പിൽ മുസ്ലീം സമുദായത്തിൽ സ്വാധീനം ചെലുത്താനുള്ള സാധ്യകളന്വേഷിച്ച് സി പി എം നൽകിയ പിന്തുണ സി പി എമ്മിനോ സമസ്തയ്ക്കും കാന്തപുരത്തിനും എന്തെങ്കിലും ഗുണം ചെയ്‌തോ എന്ന് അറിയില്ല. പക്ഷേ, കാന്തപുരം വിഭാഗം കമ്മ്യൂണിസ്റ്റ് സുന്നികളെന്നും അരിവാൾ സുന്നികളെന്നും പരിഹസരിക്കപ്പെട്ടു. ഈ പരിഹാസമേറ്റു വാങ്ങിക്കൊണ്ടാണ് കാന്തപുരവും സംഘവും പ്രവർത്തനമണ്ഡലത്തിൽ നിറഞ്ഞു നിന്നത്.
സമസ്ത സജീവമായി കേരളത്തിൽ നിലനിൽക്കുമ്പോൾ തന്നെയാണ്, വഹാബി വിഭാഗം അവരുടെ സ്ത്രീകളുടെ പള്ളിപ്രവേശം, വിദ്യാഭ്യാസം എന്നിങ്ങനെ അംഗീകാരം ലഭിക്കുന്ന പുരോഗമന കാഴ്ചപ്പാടുകളിലൂടെ സുന്നി വിഭാഗത്തെ മറികടന്ന് പൊതുസമൂഹത്തിൽ നിലയുറപ്പിച്ചത്. ആൾ ബലത്തിൽ കൂടുതലാണെങ്കിലും പൊതുസമൂഹത്തിലെ അംഗീകാരം സുന്നി വിഭാഗത്തിന് കുറവായിരുന്നു. ഈ അപകർഷതാ ബോധം മറികടന്ന് പൊതുസമൂഹത്തിൽ സുന്നി വിഭാഗത്തിന് അസ്തിത്വം ഉണ്ടാക്കിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മതപണ്ഡിതനാണ് കാന്തപുരം. ഈ നൂറ്റാണ്ടിലെ തുടക്കകാലത്തു പോലും സുന്നി വിഭാഗത്തിന് പൊതുസമൂഹത്തിൽ കാര്യമായ അംഗീകാരം കിട്ടിയിരുന്നില്ല. അതിനെ പതുക്കെ മറികടക്കുന്നതിൽ കാന്തപുരം നടത്തിയ പ്രവർത്തനങ്ങളും സ്വീകരിച്ച നിലപാടുകളും വഹിച്ച പങ്ക് നിസ്സാരമല്ല.
എന്നാൽ, വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കാന്തപുരത്തെയാണ് കേരളത്തിലെ സമൂഹം കണ്ടെതെങ്കിൽ അതിനപ്പുറം, സമുദായത്തിലും ലോകത്തെ മുസ്ലിം പണ്ഡിതർക്കിടയിലും ഭരണാധികാരികൾക്കിടയിലും അദ്ദേഹം നേടിയെടുത്ത വിശ്വാസവും ബഹുമാനവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കേരളത്തിലാകെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിവാദത്തിന്റെ കേന്ദ്രബിന്ദുവാകുന്നത്. 1993 ജൂലൈ 29 ന് ആണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹത്തെ കാന്തപുരത്തിന്റെ സംഘടനയുടെ ഭാഗമായ സുന്നി ടൈഗ!ർ ഫോഴ്‌സ് പ്രവർത്തകർ വധിച്ചുവെന്നയിരുന്നു ആരോപണം. ഈ കേസിൽ സി ബി ഐ അന്വേഷണം വരെ നടന്നു. അവസാനം അദ്ദേഹത്തെ ആ കേസിൽ നിന്നൊഴിവാക്കി.
ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് ശേഷം ഒരു കാലത്ത് പിന്തുണച്ച ഇടതുപക്ഷത്ത് നിന്നുപോലും എതിർപ്പ് നേരിട്ടതായിരുന്നു തിരുകേശ വിവാദം. പ്രവാചകന്റെ കേശം സൂക്ഷിക്കുന്നതിനും വിശ്വാസികൾക്ക് അത് കാണുന്നതിനുമായി പള്ളി നിർമ്മിക്കാനും മറ്റും പദ്ധതിയിട്ടതോടെയാണ് അത് വിവാദമായത്. ഈ വിവാദം ഏറെക്കാലം കത്തി നിന്നശേഷം കെട്ടടങ്ങി. ഈ രണ്ട് വിവാദങ്ങളിലും സമുദായത്തിലും രാഷ്ട്രീയത്തിലുമൊക്കെ കാന്തപുരത്തിന്റെ വീഴ്ച പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം അതിജീവിച്ചു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അസാമാന്യമായ ശേഷിയുള്ള വ്യക്തിത്വമാണ് തന്റേതെന്ന് ഈ രണ്ട് സംഭവങ്ങളിലൂടെ കാന്തപുരം തെളിയിച്ചു.
സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, പള്ളിപ്രവേശം എന്നീകാര്യങ്ങളിൽ ആധുനികകാലത്തോട് ഒരിക്കലും യോജിക്കാത്ത നിലപാടുകൾ സ്വീകരിക്കുന്നതിലൂടെ ഇന്നും വിവാദങ്ങളും ആക്ഷേപങ്ങളും അദ്ദേഹം ഏറ്റുവാങ്ങുന്നു. അപ്പോഴും കാന്തപുരം താൻ ഏറ്റെടുത്ത ദൗത്യത്തിൽ പൂർണസമയം വ്യാപൃതനായിരുന്നുവെന്ന് തെളിയിക്കുന്നതാണ് മലപ്പുറത്തെ മാദിൻ അക്കാദമിയും മർക്കസും. ഇവിടെ നിന്നുള്ള വിദ്യാ!ർത്ഥികൾ ഇന്ന് ലോകത്തിന്റെ പലഭാഗത്തും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. പുതിയകാലത്തോട് ഇഴുകി ചേർന്ന് പോകാൻ കഴിയുന്ന യുവാക്കളുടെ തലമുറയെ വാർത്തെടുക്കുന്നതിൽ കാന്തപുരം വിഭാഗം മുസ്ലിം സമുദായത്തിനുള്ളിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ പട്ടിണിയിലും ദാരിദ്ര്യത്തിലുമുള്ള കുട്ടികളെ കൊണ്ടുവന്ന് പഠിപ്പിക്കുക, കശ്മീർ സംഘർഷഭരിതമായിരുന്ന കാലത്ത് അവിടുത്തെ കുട്ടികളെ ഇവിടെ കൊണ്ടുവന്ന് പഠിപ്പിക്കുക എന്നീ കാര്യങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹം കാണിച്ച അതീവശുഷ്‌ക്കാന്തി ഇന്നും തുടരുന്നു. ചുരുക്കി പറഞ്ഞാൽ വിദ്യാഭ്യാസരംഗത്ത് നിശബ്ദമായൊരു വിപ്ലവമാണ് മലബാറിൽ കാന്തപുരം സൃഷ്ടിച്ചത്.
രാഷ്ട്രീയ ഇസ്ലാമിനെ എക്കാലത്തും എതിർത്ത് നിൽക്കുന്ന കാന്തപുരം, കേരളത്തിലെ മുസ്ലിം പാരമ്പര്യം തീവ്രസലഫിസത്തിന് എതിരാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. മമ്പറം തങ്ങളും കോന്തുനായരും, സാമുതിരിയും കുഞ്ഞാലി മരയ്ക്കാറും ഒക്കെയുള്ള ബന്ധമാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. കേരളീയ ശൈലിയിലുള്ള സമാധനപരമായ സഹവർത്തിത്തലൂടെയുള്ള ഇസ്ലാം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ നിൽക്കുമ്പോൾ ഓരോ സമൂഹത്തിലും ഇസ്ലാം വളർന്നത് അവിടുത്തെ നാട്ടാചാരങ്ങളുമായി ചേർന്നുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണെന്ന നിലപാട് അദ്ദേഹം ഉറപ്പിക്കുന്നു. മറ്റ് വിശ്വാസങ്ങളോട് അസഹിഷ്ണുത മനോഭാവം പുലർത്തുന്ന വിഭാഗങ്ങളെ തള്ളിപ്പറയുന്നതിൽ ഒരുമടിയും കാന്തപുരം കാണിച്ചിട്ടില്ല.
അന്താരാഷ്ട്ര തലത്തിൽ മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികളും പണ്ഡിതരും ബഹുമാനിക്കുന്ന പണ്ഡിതൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വാക്കുകളെ അവർ വിലമതിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാകണം നിമിഷപ്രിയയുടെ കാര്യത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്ന നിലയിലേക്ക് ഉയർന്നത്.
Kerala praises Kanthapuram A.P. Abubakar Musliyar