തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റും, ഇല്ലെന്ന് വിസിയുടെ അധിക ചുമതല വഹിക്കുന്ന ഡോ. സിസ തോമസും നിലപാടെടുത്തതോടെ ഗവർണറുടെ തീരുമാനം നിർണായകമാകും. സിൻഡിക്കേറ്റ് തീരുമാനത്തിൽ ഇടപെടാതിരുന്ന ഹൈക്കോടതി, വിസിക്ക് ചാൻസലറെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ രജിസ്ട്രാർ മിനി കാപ്പനെ വിസി നിയമിച്ചതോടെ യഥാർത്ഥ രജിസ്ട്രാർ ആരെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.
അതേസമയം, തന്നെ സസ്പെൻഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് കെ.എസ്. അനിൽകുമാർ നൽകിയ ഹർജി പിൻവലിച്ചു. ഹർജി പിൻവലിക്കുന്നതായി അദ്ദേഹം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതിനിടെ, ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിൻഡിക്കേറ്റ് അംഗം ആർ. രാജേഷിനെ കോടതി വിമർശിച്ചു.
സസ്പെൻഷൻ നടപടിക്കെതിരെയാണ് കെ.എസ്. അനിൽകുമാർ കോടതിയെ സമീപിച്ചത്. എന്നാൽ, ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗം അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. ഇതിനെ തുടർന്നാണ് താൻ ഹർജി പിൻവലിക്കുന്നതായും ചുമതല തിരികെ ഏറ്റെടുത്തതായും അനിൽകുമാർ ഹൈക്കോടതിയെ അറിയിച്ചത്. വിവരങ്ങൾ വ്യക്തമാക്കിയതിനെ തുടർന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജി പിൻവലിക്കാൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകുകയും ചെയ്തു. വൈസ് ചാൻസലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകൻ ഈ നീക്കത്തെ എതിർക്കാൻ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പിന്നീട് മറ്റൊരു ഹർജി നൽകാമെന്ന് കോടതി വ്യക്തമാക്കി.
ഗവർണർ റിപ്പോർട്ട് തേടി, സിൻഡിക്കേറ്റിനെ പിരിച്ചു വിടാമെന്ന് ഗവർണർക്ക് നിയമോപദേശം
സിൻഡിക്കേറ്റ് യോഗത്തെക്കുറിച്ച് ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയോ, അദ്ദേഹം ചുമതലയേറ്റോ തുടങ്ങിയ കാര്യങ്ങളിലാണ് ചാൻസലർ കൂടിയായ ഗവർണർ, വിസിയുടെ ചുമതലയുള്ള സിസ തോമസിനോട് റിപ്പോർട്ട് തേടിയത്. രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് വിസി. ഇതനുസരിച്ചുള്ള റിപ്പോർട്ടാകും ഗവർണർക്ക് കൈമാറുക.
അതേസമയം, കേരള സർവകലാശാലയുടെ സിൻഡിക്കേറ്റിനെ പിരിച്ചു വിടാമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറിന് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്. രാജ്ഭവൻ അഭിഭാഷകൻ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും ഒരേ നിയമോപദേശം നൽകിയെന്നാണ് റിപ്പോർട്ട് . ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം നാളെ ഉണ്ടായേക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളോട് വിശദീകരണം തേടുകയാണ് ആദ്യം ചെയ്യുകയെന്നും, അതിനു ശേഷം നടപടിയുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
Kerala University dispute: Registrar suspended; new appointments; drama continues