തിരുവനന്തപുരം: ജൂലൈ 8 ചൊവ്വാഴ്ച സ്വകാര്യ ബസ് സമരവും ജൂലൈ 9 ബുധനാഴ്ച ദേശീയ പണിമുടക്കും പ്രഖ്യാപിച്ചതോടെ അടുത്ത രണ്ട് ദിവസങ്ങളിൽ കേരളത്തിലെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കും. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ നാളെ പണിമുടക്കുന്നത്. ഗതാഗത കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ബസ് സമരം പ്രഖ്യാപിച്ചത്.
നാളെ നടക്കുന്ന ബസ് സമരം മലബാർ മേഖലയെ, പ്രത്യേകിച്ച് കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങളെയും മലയോര മേഖലകളെയും രൂക്ഷമായി ബാധിക്കും. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന ഈ പ്രദേശങ്ങളിൽ വലിയ യാത്രാക്ലേശത്തിന് സാധ്യതയുണ്ട്.
ജൂലൈ 9-ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല. ടാക്സി സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ട്. ബാങ്കിങ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഈ പണിമുടക്ക് ബാധിക്കും. ഗതാഗത സൗകര്യമില്ലാത്തതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവയുടെ പ്രവർത്തനവും പ്രതിസന്ധിയിലാകും.
Another bandh! Kerala will come to a standstill; private bus strike tomorrow, national strike the day after