കെ.എച്ച്.എൻ.എ ‘ശക്തി ഫോർ ഐക്യം’ – ഉദ്ദേശ്യശുദ്ധിയോടെയുള്ള ഒരു ചുവടുവെപ്പ്

കെ.എച്ച്.എൻ.എ ‘ശക്തി ഫോർ ഐക്യം’ – ഉദ്ദേശ്യശുദ്ധിയോടെയുള്ള ഒരു ചുവടുവെപ്പ്

ഇരുപത്തിയഞ്ചിന്റെ നിറവിൽ നിൽക്കുന്ന കെ.എച്ച്.എൻ.എ എന്ന സംഘടനയുടെ യാത്ര എന്നും ആരവങ്ങളും ആഘോഷങ്ങളും നിറഞ്ഞതുതന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ വർഷവും കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ട്, കൺവെൻഷൻ ആഡംബരമായി നടത്താറുമുണ്ട്. എന്നാൽ, നമുക്കായി അവരുടെ ജീവിതവും സന്തോഷങ്ങളും സമയവും മാറ്റിവെച്ച്, ജീവിതത്തിൽ വഴികാട്ടിയും പ്രകാശവുമായി നിലകൊണ്ടവർക്ക് നമ്മളെന്താണ് തിരിച്ചുനൽകിയത് എന്ന ചോദ്യത്തിന് നമുക്ക് ചിലപ്പോൾ വ്യക്തമായ ഉത്തരം കിട്ടിയെന്ന് വരില്ല.

വൃദ്ധസദനങ്ങളുടെ ഒറ്റമുറിയിലേക്ക് തള്ളപ്പെടുന്ന വാർധക്യമാണോ നമ്മുടെ രക്ഷിതാക്കൾക്ക് നമുക്ക് കൊടുക്കാനുള്ളത്? ഹൈന്ദവ സംസ്കാരങ്ങളും പാരമ്പര്യവും നമുക്ക് പകർന്നുനൽകിയവർക്ക് കർക്കിടകത്തിൽ രണ്ടു വരി രാമായണം പോലും ഉറക്കെ വായിക്കാൻ സ്വാതന്ത്ര്യമില്ലാതെ, പാശ്ചാത്യ രീതികൾ മാത്രമുൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാത്രം ആശ്രയമായി വന്നത് എന്തുകൊണ്ടാണ്? നമ്മൾ ഇത്രയൊക്കെ വളർന്നു എന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ കുടുംബങ്ങളിലെ അച്ഛനമ്മമാർ ഇത്തരം ഇടങ്ങളിൽ തള്ളപ്പെടുന്നുണ്ട് എന്നത് തികച്ചും ദൗർഭാഗ്യകരമായ യാഥാർഥ്യംതന്നെയാണ്.

ഇത്തരം അവസരങ്ങളിലാണ് ടീം ശക്തി ഫോർ ഐക്യം എന്ന, സമൂഹത്തിന്റെ സമൂലമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുന്ന കൂട്ടായ്മയുടെ പ്രസക്തി. ഒരു ദിവസംകൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന മാറ്റങ്ങളല്ല ഇതെന്നുള്ളതും, ക്ലേശകരമായ ഒരു ശ്രമത്തിലൂടെ മാത്രമേ ഈ മാറ്റങ്ങൾ സംഭവിക്കുകയുള്ളൂ എന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടുതന്നെയാണ് ടീം ശക്തി ഫോർ ഐക്യം എന്ന കൂട്ടായ്മ ഇത്തരം ലക്ഷ്യങ്ങൾക്കായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങുന്നത്.

നമ്മുടെ അച്ഛനമ്മമാർ നമുക്ക് വഴികാട്ടിയായതുപോലെ, നമ്മളെ സംരക്ഷിച്ചതുപോലെ, നമ്മുടെ സംസ്കാരം ഉൾക്കൊണ്ട് നമ്മളെ വളർത്തിയതുപോലെ, അവർക്കും അവരുടെ വാർധക്യം സുന്ദരമാക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കുന്നതിനായി വിവിധ പദ്ധതികൾ ടീം ശക്തി ഫോർ ഐക്യം പ്രധാന ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്. ടീം ശക്തി ഇത് പ്രാർത്ഥനയായി കണ്ടുകൊണ്ട് സന്തോഷപൂർവം ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണ് – നമ്മുടെ അച്ഛനമ്മമാരുടെ വാർധക്യം സുന്ദരമാക്കുക എന്നത്. അത് പരിപൂർണ്ണതയിൽ എത്തിക്കാൻ ടീം ശക്തി നിരന്തരം പരിശ്രമിക്കുകതന്നെ ചെയ്യും.

KHNA ‘Shakti for Unity’ – A step with purpose

Share Email
Top