ഹ്യൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) അന്താരാഷ്ട്ര മീഡിയ കോൺഫറൻസിനായുള്ള ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ കിക്കോഫ് സമ്മേളനം മിസോറി സിറ്റിയിലെ അപ്‌നാബസാർ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി നടന്നു. വിവിധ തലങ്ങളിൽ പ്രശസ്തരായ നിരവധി അമേരിക്കൻ മലയാളി വ്യക്തിത്വങ്ങൾ പങ്കെടുത്ത വർണ്ണശബളമായ ചടങ്ങായിരുന്നു ഇത്.
ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ, നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യു, ട്രെഷറർ അജു ജോൺ, വൈസ് പ്രസിഡന്റ് ജീമോൻ റാന്നി, മുൻ പ്രസിഡന്റ് ജോർജ് തെക്കേമല, ജോൺ ഡബ്ലിയു വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ജോയിന്റ് സെക്രട്ടറി സജി പുല്ലാട് പ്രാർത്ഥനാഗാനം ആലപിച്ചു. അനിൽ ആറന്മുള വിശിഷ്ടാതിഥികൾക്ക് സ്വാഗതമാശംസിച്ചു.
തുടർന്ന് ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരുന്ന നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ഇന്ത്യാ പ്രസ് ക്ലബ്ബിനെക്കുറിച്ചും ന്യൂജേഴ്‌സിയിൽ നടക്കുന്ന കോൺഫറൻസിനെക്കുറിച്ചും വിശദമായി സംസാരിച്ചു. പ്രവർത്തനങ്ങളിലും കോൺഫറൻസുകളിലെ പ്രാതിനിധ്യം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ഹ്യൂസ്റ്റൺ ചാപ്റ്ററിനെ അദ്ദേഹം അഭിനന്ദിക്കുകയും ഹ്യൂസ്റ്റൺ മലയാളികളെ കോൺഫറൻസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കിക്കോഫ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷങ്ങളായി കൗണ്ടി ജഡ്ജ് ആയിരിക്കുന്ന തനിക്ക് ഹ്യൂസ്റ്റണിലെ മലയാള പ്രസിദ്ധീകരണങ്ങൾ നൽകുന്ന പിന്തുണയിൽ നന്ദിയും ചാരിതാർത്ഥ്യവും ഉണ്ടെന്നും പ്രസ്താവിച്ചു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ സുനിൽ ട്രൈസ്റ്റാറിന് ആദ്യ ചെക്ക് നൽകിക്കൊണ്ട് കിക്കോഫ് ഉദ്ഘാടനം ചെയ്തു.
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ഫോട്ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മുൻ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, ശശിധരൻ നായർ എന്നിവർ മീഡിയ കോൺഫറൻസിന് ആശംസകളേകി സംസാരിച്ചു. മാഗ് ട്രെഷറർ സുജിത് ചാക്കോ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ പൊന്നു പിള്ള, നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ബിജു ഇട്ടൻ, ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു, പാസഡീന മലയാളി അസോസിയേഷൻ പ്രസിഡന്റ് റിച്ചാർഡ് ജേക്കബ്, മുൻ ഫോമാ സെക്രട്ടറി ഷാജി എഡ്വേർഡ് എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി.
‘നേർകാഴ്ച’ക്ക് പുതിയ വെബ്സൈറ്റ് , ലോഗോ
പ്രശസ്ത ഫാഷൻ ഡിസൈനറും മൈ ഡ്രീം ടിവി യു.എസ്.എയുടെ അയൺ ലേഡി ഓഫ് ദി ഇയർ പുരസ്‌കാര ജേതാവും മിസിസ് ഇന്ത്യ-ടെക്സാസ് വിജയിയുമായ ഡോ. നിഷ സുന്ദരഗോപാൽ നേർകാഴ്ച ന്യൂസിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ ലോഗോയുടെ പ്രകാശനം ഫോട്ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ നിർവഹിച്ചു.
നെസ്സാ ചാക്കോയുടെ അതിമനോഹരമായ നൃത്തം, സജി പുല്ലാടിന്റെ ഗാനങ്ങൾ എന്നിവ കലാപരിപാടികൾക്ക് കൊഴുപ്പേകി. സെക്രട്ടറി മോട്ടി മാത്യു സംവിധാനം ചെയ്ത് നിർമ്മിച്ച ഹ്രസ്വ ചിത്രവും, അദ്ദേഹം തന്നെ പാടി അഭിനയിച്ച ‘കുഞ്ഞോളേ’ എന്ന മലയാളം റാപ്പ് ആൽബവും മിസ് ഭാരത്-ടെക്സാസ് ഡോ. നിഷാ സുന്ദരഗോപാൽ പ്രകാശനം ചെയ്തു.
ആർ.ജെമാരായ റൈന റോക്ക്, ആൻസി സാമുവൽ എന്നിവർ എം.സിമാരായി പ്രവർത്തിച്ചു. യോഗത്തിൽ മോട്ടി മാത്യു കൃതജ്ഞത അർപ്പിച്ചു.
പ്രസിഡന്റ് സൈമൺ വാളാച്ചേരിലിന്റെ നേതൃത്വത്തിലുള്ള ഐ.പി.സി.എൻ.എ ഹ്യൂസ്റ്റൺ ടീമിന്റെ പ്രവർത്തന മികവാണ് ഈ പരിപാടിയെ ഇത്രയും ഗംഭീരമാക്കാൻ സഹായിച്ചത് എന്ന് മോട്ടി മാത്യു ഊന്നിപ്പറഞ്ഞു.























Pics by: Jibin Kurian
Kickoff of IPCNA’s International Media Conference in Houston was a grand affair