കൊച്ചി: കേരള തീരത്തുണ്ടായ കപ്പൽ അപകടത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപയുടെ നഷ്ടപരിഹാരം കെട്ടിവെക്കാനാവില്ലെന്ന് എം.എസ്.സി കപ്പൽ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാനാവുന്നതിലും അധികമാണെന്ന് കമ്പനി കോടതിയിൽ വ്യക്തമാക്കി.
നഷ്ടപരിഹാരമായി എത്ര തുക കെട്ടിവെക്കാനാകുമെന്ന് അറിയിക്കാൻ ഹൈക്കോടതി കപ്പൽ കമ്പനിയോട് നിർദേശിച്ചു. എത്രയും പെട്ടെന്ന് ഇക്കാര്യം അറിയിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് ഒൻപതിലേക്ക് മാറ്റി.
നേരത്തെ, വിഴിഞ്ഞത്തെത്തിയ എം.എസ്.സി കമ്പനിയുടെ ‘അക്വിറ്റേറ്റ’ എന്ന കപ്പൽ അറസ്റ്റ് ചെയ്തു സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. അടുത്ത തവണ ഹർജി പരിഗണിക്കുന്നത് വരെ കപ്പലിന്റെ അറസ്റ്റ് തുടരാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
കപ്പൽ അപകടത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാട്ടിയാണ് കേരളം അഡ്മിറാൽറ്റി സ്യൂട്ട് ഫയൽ ചെയ്തത്. കപ്പൽ മുങ്ങിയതിലൂടെ തീരത്തിനും, മത്സ്യത്തൊഴിലാളികൾക്കും, മത്സ്യസമ്പത്തിനും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും, ഉൾക്കടലിലെ ആവാസവ്യവസ്ഥയെ ഇത് ബാധിച്ചുവെന്നും സർക്കാർ ഫയൽ ചെയ്ത സ്യൂട്ടിൽ പറയുന്നു. ഇതിന്റെ പ്രത്യാഘാതം വരുംനാളുകളിൽ കേരളം അനുഭവിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മേയ് 24-നാണ് ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ 3 കേരള തീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെത്തുടർന്നാണ് ചരക്കുകപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളുണ്ടായിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതിനെ തുടർന്ന് കണ്ടെയ്‌നറുകൾ സംസ്ഥാനത്തിന്റെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.
Kochi ship accident: Ship company says it cannot pay compensation, case postponed to August 9