മിഥുൻ ഇനി കണ്ണീരോർമ്മ

മിഥുൻ ഇനി കണ്ണീരോർമ്മ

കൊല്ലം തേവലക്കരയിൽ സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച് എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ്റെ സംസ്കാരം പൂർത്തിയായി. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ വെച്ചായിരുന്നു ചടങ്ങുകൾ. അനിയൻ സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.  സ്കൂളിലും പിന്നീട് വിലാപയാത്രയിലും തങ്ങളുടെ പ്രിയപ്പെട്ട മിഥുനെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനാവലിയാണ് ഉണ്ടായിരുന്നത്.

വിദേശത്ത് നിന്ന് രാവിലെ നെടുമ്പാശേരിയിലെത്തിയ അമ്മ സുജ, ഉച്ചയോടെയാണ് വീട്ടിലെത്തിയത്. തൻ്റെ മകൻ്റെ ചേതനയറ്റ ശരീരംകണ്ട് അലമുറയിട്ടുകരഞ്ഞ സുജയെ കണ്ടപ്പോൾ ചുറ്റുമുണ്ടായിരുന്നവർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല. അമ്മ സുജയും അച്ഛൻ മനുവും മിഥുന് അന്ത്യചുംബനം നൽകിയതോടെ ഏവരുടേയും കണ്ണുകൾ ഈറനണിഞ്ഞു.

പതിനേഴാം തീയതിയാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ ഗ്രൌണ്ടിന് സമീപമുള്ള സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുകളിലൂടെ കടന്നുപോയ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്.

Share Email
Top