കോന്നി: കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറ അടർന്നുവീണുണ്ടായ അപകടത്തിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് പാറമടയ്ക്ക് പുറത്തെത്തിച്ചത്. അപകടത്തിൽ മരിച്ച ഒഡീഷ സ്വദേശി മഹാദേവ് പ്രധാന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
ജെ.സി.ബി ഓപറേറ്റർ ഝാർഖണ്ഡ് സ്വദേശി അജയ് കുമാർ റേയുടെ (48) മൃതദേഹമാണ് ചൊവ്വാഴ്ച 8.45 ഓടെ കണ്ടെത്തിയത്. ആലപ്പുഴ തോട്ടപ്പള്ളയിൽ നിന്നെത്തിച്ച ലോങ് ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജെ.സി.ബി യുടെ കാബിനിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.
ജെ.സി.ബി പാറക്കഷണങ്ങൾ കൊണ്ട് മൂടിയ നിലയിലായിരുന്നു. ഇത് നീക്കിയശേഷം രക്ഷാ പ്രവർത്തകൻ വടം കെട്ടി ഇറങ്ങിയാണ് മൃതദേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ രക്ഷാപ്രവർത്തകർ ഇറങ്ങിയാണ് മൃതദേഹം പുറത്തെത്തിക്കാൻ ശ്രമം നടത്തിയത്. മൃതദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ അപകടമുണ്ടായത്. ജെ.സി.ബി ഉപയോഗിച്ച് പാറ നീക്കുന്നതിനിടെ മുകളിൽ നിന്ന് കല്ലുകൾ ഇളകി വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ജെ.സി.ബി സഹായി ഒഡീഷ സ്വദേശി മഹാദേവ് പ്രധാൻറെ മൃതദേഹമാണ് വൈകീട്ട് ആറോടെ കണ്ടെത്തി.
എന്നാൽ, അജയ് കുമാർ റേയെ കണ്ടെത്താൻ സാധിച്ചില്ല. അപകട സ്ഥലത്തേക്ക് എത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. ഇതിനിടെ മുകളിൽ നിന്ന് വീണ്ടും പാറകൾ ഇളകിവീണതും രക്ഷാദൗത്യത്തിന് തടസ്സമായി. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ രക്ഷാദൗത്യം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴോടെ ദൗത്യം പുനരാരംഭിച്ചെങ്കിലും വീണ്ടും കൂറ്റൻ പാറകൾ പതിച്ചത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഉച്ചയോടെ താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിച്ചു. പിന്നീട് വലിയ ക്രെയിൻ എത്തിക്കാൻ തീരുമാനിച്ചെങ്കിലും ഇത് വൈകിയത് പ്രതിസന്ധിയായി. ആറു മണിക്കൂറിന് ശേഷം ജില്ല ഭരണകൂടം ഇടപെട്ട് ലോങ് ബൂർ എസ്‌കവേറ്റർ എത്തിച്ച് രാത്രി ഏഴു മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചതും മൃതദേഹം കണ്ടെത്തിയതും.
പൊട്ടിക്കുന്ന പാറ കൊണ്ടു പോകാനായി റോഡ് സജ്ജീകരിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. ജെ.സി.ബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കി ലോറികൾക്ക് എത്താൻ കഴിയുന്ന തരത്തിൽ വഴി ഒരുക്കുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ. ഇവർ മാത്രമായിരുന്നു അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ഇതിനിടെ ക്വാറിയുടെ മുകൾവശത്തെ പാറയുടെ ഒരുഭാഗം ജെ.സി.ബിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
റോഡ് ഒരുക്കുന്ന ജോലി പൂർത്തിയാകാത്തതിനാൽ അപകടസ്ഥലത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. പിന്നീട് ക്രെയിൻ കൊണ്ടു വന്നാണ് ഇവർക്കരികിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും പാറകൾ താഴേക്ക് പതിച്ചു.
പയ്യനാമൺ ചെങ്കുളം വീട്ടിൽ മത്തായിക്കുഞ്ഞ്, മകൻ ടോം എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാറമട.
Konni Paramada accident: The body of the second missing person has been found