വർഗീസ് പോത്താനിക്കാട്
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്‌സ് & സയൻസ് പൂർവ്വ വിദ്യാർത്ഥി യൂ. എസ്. എ. ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കോളേജിലെ കായിക, കലാ രംഗങ്ങളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ അവാർഡുകളും മെഡലുകളും നേടിയ പ്രതിഭകളെ ആദരിച്ചു. പ്രശസ്ത പിന്നണി ഗായകനും എം. എ. കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ മധു ബാലകൃഷ്ണൻ തന്റെ മധുര ഗാനങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ജൂൺ 27 വെള്ളിയാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) സൂം പ്ലാറ്റ്‌ഫോമിൽ നടന്ന യോഗത്തിൽ യൂ. എസ്. എ. അലുംനി പ്രസിഡന്റ് സാബു സ്കറിയ അധ്യക്ഷത വഹിച്ചു. പഠനപരമായും പാഠ്യേതര രംഗത്തും ദേശീയ/അന്തർദേശീയ തലങ്ങളിൽ എം. എ. കോളേജ് കൈവരിച്ച നേട്ടങ്ങളിലും വളർച്ചയിലും താൻ അതീവ അഭിമാനിക്കുന്നു എന്ന് സാബു സ്കറിയ തന്റെ പ്രസംഗത്തിൽ അറിയിച്ചു.
ഒളിമ്പിക് മെഡൽ ജേതാക്കളെയും കല, കായിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും യോഗത്തിൽ ആദരിച്ചു. 2022-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതും 2023-ൽ അർജ്ജുന അവാർഡ് ജേതാവുമായ ഒളിമ്പ്യൻ എൽദോസ് പോൾ, 2022-ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും 2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടിയ ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കർ, 2013 ഏഷ്യൻ ട്രാക്ക് & ഫീൽഡിൽ സ്വർണ്ണം (പൂനെ), 2017-ൽ വേൾഡ് ചാമ്പ്യൻഷിപ്പ് (ലണ്ടൻ) എന്നിവ കരസ്ഥമാക്കിയ ഒളിമ്പ്യൻ അനിൽഡാ തോമസ്, 2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ (SAF) സ്വർണ്ണം നേടിയ ഒളിമ്പ്യൻ ഗോപി. ടി. എന്നിവരെ ആദരിച്ചു.
കൂടാതെ, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന സാബു ചെറിയാൻ, സമീപകാലത്ത് ഹിറ്റായതും പുരസ്കാരങ്ങൾ നേടിയതുമായ മലയാള സിനിമ ‘പട’ സംവിധാനം ചെയ്ത പ്രശസ്ത സിനിമാ സംവിധായകൻ കമൽ കെ. എം. എന്നിവരെയും ആദരിച്ചു.
“മീറ്റ് & ഗ്രീറ്റ്” പരിപാടിയായി സംഘടിപ്പിച്ച ഈ ഒത്തുചേരലിൽ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി എം. എ. കോളേജ് പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധ കാലഘട്ടങ്ങളിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലായി ചേക്കേറിയ പൂർവ്വ വിദ്യാർത്ഥികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഈ മീറ്റിംഗ് ഏറെ പ്രയോജനപ്പെട്ടു.
മാർ അത്തനേഷ്യസ് കോളേജ് ഓഫ് ആർട്‌സ് & സയൻസ് പ്രിൻസിപ്പൽ ഡോക്ടർ മഞ്ജു കുര്യൻ, നിലവിൽ അമേരിക്കയിലുള്ള മുൻ പ്രിൻസിപ്പൽ ഡോക്ടർ ലീനാ ജോർജ്ജ്, മുൻ പ്രൊഫസർമാരായ കെ. പി. മത്തായി, ഡോക്ടർ ഷീല വർഗീസ്, ജോസഫ് തോമസ് (അപ്പു സാർ), ജേക്കബ് മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അപ്പു സാറിന്റെ മലയാള കവിതാ പാരായണം സദസ്സിന് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.
യോഗത്തിൽ ജനറൽ സെക്രട്ടറി ജോബി മാത്യു സ്വാഗതവും ട്രഷറർ ജോർജ്ജ് മാലിയേൽ നന്ദിയും രേഖപ്പെടുത്തി. അഹില ബിനോയ് എം.സി.യായി യോഗ നടപടികൾ അനായാസം നിയന്ത്രിച്ചു. ജിജോ ജോസഫ്, ബേസിൽ ബേബി, ബോബു ജോർജ്ജ് എന്നിവർ സൂം സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്തു.
Kothamangalam Mar Athanasius College Alumni Meet honoring distinguished personalities